186

സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട നടി അഹാനയുടെ വിഡിയോ ആണ് ഇപ്പോള്‍ സിനിമാലോകത്ത് ചര്‍ച്ചാവിഷയം. സഹോദരിമാരോടൊപ്പം നൃത്തച്ചുവടുകളുമായി യൂ ട്യൂബില്‍ വരാറുള്ള അഹാനയ്ക്കു ഇത്തരം ഒരു അനുഭവം ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും.

ലോക്ഡൗണുമായി ബന്ധപ്പെട്ട് അഹാന നടത്തിയ അഭിപ്രായത്തോട് യോജിക്കുന്നില്ലെങ്കിലും അസഭ്യം പറഞ്ഞല്ല ആ വിഷയത്തിൽ മറ്റുള്ളവർ പ്രതികരിക്കേണ്ടിയിരുന്നതെന്ന് നിലപാടുമായി നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്തെത്തി. സൈബർആക്രമണവുമായി ബന്ധപ്പെട്ട അഹാനയുടെ വിഡിയോ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു നടി. ‘അഹാന വളരെ മാന്യമായ ഭാഷയിലാണ് പ്രതികരിച്ചത്. അതവരുടെ സംസ്കാരവും, അവരുടെ അഭിപ്രായത്തെ മ്ലേച്ഛമായ ഭാഷയിൽ വിമർശിക്കുന്നത് നിങ്ങളുടെ സംസ്കാരമില്ലായ്മയുമല്ലേ?’–ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് വായിക്കാം:

കുറച്ചു ദിവസം മുമ്പ് ആരോ എഴുതിയ ഒരു പോസ്റ്റ് കണ്ടു, പുരുഷന്മാർക്ക് തെറി പറയാമെങ്കിൽ സ്ത്രീകൾക്കും തെറി പറയാം എന്ന്. സ്ത്രീ മാത്രമല്ല പുരുഷനും തെറി പറയരുത് എന്ന അഭിപ്രായമുളള ആളാണ് ഞാൻ. അഹാനയുടെ ഒരു വിഡിയോ കണ്ടിരുന്നു സൈബർ ബുളളിങ്ങിനെ പറ്റി..

ലോക്ഡൗണുമായി ബന്ധപ്പെട്ട് അവരുടെ ഒരു അഭിപ്രായമാണ് ആ ആക്രമണത്തിനു കാരണം. തീർച്ചയായും അവരുടെ ആ അഭിപ്രായത്തോട് ഞാൻ ശക്തമായി വിയോജിക്കുന്നു. കോവിഡ് സമയത്ത് ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം എതിർക്കേണ്ടതു തന്നെയാണ്.

പക്ഷേ എന്തിന്റെ പേരിലായാലും അതിന് മറുപടി തെറിവിളിയിലൂടെ നടത്തുന്നത് തികച്ചും തോന്നിവാസമാണ്. അഭിപ്രായം പറയുന്നത് ഒരാളുടെ അവകാശമാണ്. പക്ഷേ തെറി വിളിക്കുക എന്നത് അവകാശമാണോ? എങ്കിൽ തെറി വിളിക്കുന്നവരെ തിരിച്ചും തെറി വിളിക്കാം അടി കൊടുക്കാം. പക്ഷേ അതാണോ ഇവിടെ വേണ്ടത്.?

നിങ്ങൾക്ക് യോജിക്കാൻ പറ്റാത്ത ഒരു വിഷയം, ചില സ്ത്രീകളുടെ വസ്ത്ര ധാരണമോ, സംസ്കാരമില്ലാത്ത ഭാഷയോ, പെരുമാറ്റമോ, വ്യക്തിഹത്യയോ, നിലപാടോ നിലപാടില്ലായ്മയോ, എതിർപക്ഷ രാഷ്ട്രീയമോ, ഒക്കെയാവാം നിങ്ങൾ അവരെ മോശമായ ഭാഷയിൽ വിമർശിക്കാൻ കാരണമാവുന്നത്. അങ്ങനെയെങ്കിൽ സംസ്കാരമില്ലായ്മ തന്നെയല്ലേ നിങ്ങളും ചെയ്യുന്നത്.

അഹാന വളരെ മാന്യമായ ഭാഷയിലാണ് പ്രതികരിച്ചത്. അതവരുടെ സംസ്കാരവും, അവരുടെ അഭിപ്രായത്തെ മ്ലേച്ഛമായ ഭാഷയിൽ വിമർശിക്കുന്നത് നിങ്ങളുടെ സംസ്കാരമില്ലായ്മയുമല്ലേ?..

ചിലരുടെ തന്തക്കും തളളക്കും കുടുംബത്തേയും തെറി വിളിക്കുന്നത് നിങ്ങൾക്ക് തന്തയും തളളയും കുടുംബവും ഇല്ലാത്തതുകൊണ്ടാണോ? ഇന്ന് ഞാൻ നാളെ നീ എന്ന പോലെ ഇത് നിങ്ങൾക്ക് തിരിച്ച് കിട്ടാനും അധിക സമയം വേണ്ട..

സ്ത്രീകളെ തെറി വിളിക്കുമ്പോൾ നിങ്ങൾ കരുതുന്നത് അവൾ എല്ലാം മടക്കിക്കെട്ടി സ്ഥലം വിടുമെന്നാണോ. അത് പണ്ട്. ഇന്നവൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. സ്ത്രീയുടെ മാന്യമായ ഭാഷക്ക് മാന്യമായ ഭാഷയിൽതന്നെ മറുപടി കൊടുക്കാൻ അറിയാത്തതാണോ ഉത്തരമില്ലാത്തതാണോ ഈ തെറി വിളിയുടെ ഉദ്ദേശം..?

നിങ്ങൾ സ്ത്രീകളെ വിളിച്ച തെറികൾ ഒന്ന് സ്വന്തം അമ്മയോടും സഹോദരിയോടും ഒന്ന് ഉറക്കെ വായിക്കാൻ പറയൂ..അവരറിയട്ടെ അവരുടെ മകന്റെ, സഹോദരന്റെ, ഭാഷാ വൈഭവം..

മറ്റൊരു കാര്യം പറയാനുളളത് ഏതെങ്കിലും നടിയുടേയോ മറ്റേതെങ്കിലും സ്ത്രീകളുടേയോ പ്രസ്താവനകൾക്ക് താഴെ തെറി വിളിക്കുന്നത് മുഴുവൻ പുരുഷന്മാരായിരിക്കും

ഇടക്ക് ചില സ്ത്രീകളുടെ മാന്യമായ ഭാഷയിലുളള വിമർശനങ്ങൾ കാണാം. നല്ലത്.. പക്ഷേ ഒരു സ്ത്രീ പോലും ആ തെറിവിളിക്ക് പ്രതികരിക്കുന്നത് കണ്ടിട്ടില്ല. എന്ന് മാത്രമല്ല മറ്റൊരു സ്ത്രീയെ തെറിവിളിക്കുന്നത് പരസ്പരം പറഞ്ഞ് ചിരിക്കുകയും ചെയ്യുന്ന സ്ത്രീകളുണ്ട്.

എന്നിട്ട് ഒടുവിൽ ഇതേ തെറിവിളി തനിക്ക് നേരെ വരുമ്പോഴാണ് അതിന്റെ അപമാനം എത്രയെന്ന് മനസിലാവുന്നത്. പാർവതിയേയും റിമ കല്ലിങ്കലിനേയും ഇതേപോലെ സൈബർ അറ്റാക്ക് /സൈബർ ബുള്ളിയിങ് നടത്തിയപ്പോൾ അഹാനയെപ്പോലെയുളള എത്ര പെൺകുട്ടികൾ നടിമാർ പ്രതികരിച്ചു? നടി ആക്രമിക്കപ്പെട്ടപ്പോൾ അതേ രംഗത്ത് പ്രവര്‍ത്തിക്കുന്ന എത്ര സ്ത്രീകൾ പ്രതികരിച്ചു? നാലോ അഞ്ചോ പേർ. അവിടെയാണ് പ്രശ്നം.. തനിക്ക് കൊളളുമ്പോൾ വേദനിക്കുന്നു/ പ്രതികരിക്കുന്നു..

ഏതൊരു പെണ്ണിനുവേണ്ടിയും പ്രതികരിക്കാനുളള ആർജ്ജവം ഉണ്ടായിരിക്കണം. അത് ബലാത്സംഗമാണെങ്കിലും സൈബർ അറ്റാക്കാണെങ്കിലും. അവളുടെ വേദന മനസിലാക്കണം, അവളോടൊപ്പം നിൽക്കണം.എങ്കിലേ ഇതിനൊരു അറുതി വരുത്താനാവൂ .. ആരുടെ വിശപ്പും എന്റെ വിശപ്പാണെന്ന് തോന്നണം. ആരുടെ വേദനയും എന്റെ വേദനയാണെന്ന് തോന്നണം.. ഏതൊരു പെണ്ണ് ആക്രമിക്കപ്പെടുമ്പോഴും അവിടെ ഞാനാണെങ്കിലോ എന്ന് ചിന്തിക്കണം..


Like it? Share with your friends!

186
Seira

0 Comments

Your email address will not be published. Required fields are marked *