189

സീരിയൽ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ അപർണ രമേശ്, ചുരുങ്ങിയ കാലയളവ് കൊണ്ടുതന്നെ സീരിയൽ രംഗത്ത് മികച്ച സ്വീകാര്യതയാണ് നേടിയെടുത്തത്. ഭ്രമണം സീരിയലിൽ അനീറ്റ തോമസെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അപർണ, ഒരു സിനിമയ്ക്കും ഷോർട് ഫിലിമിനും ശേഷമാണ് സീരിയലിലേക്ക് എത്തിയത്. ഭ്രമണം സീരിയലിന്റെ എഴുത്തുകാരനായ ജോയ്സിന് അപർണ അറിയാതെ അച്ഛൻ ഫോട്ടോകൾ അയച്ചു കൊടുത്തിരുന്നു. ഫോട്ടോകൾ കണ്ടു ഇഷ്ടപ്പെടുകയും പിന്നീട് നേരിട്ട് ഓഡിഷൻ നടത്തി തിരഞ്ഞെടുക്കുകയും ചെയ്തു. മകളറിയാതെ അച്ഛൻ ഫോട്ടോ അയച്ചു കൊടുക്കാൻ കാരണം, ഇനി അവസരം ലഭിച്ചില്ലെങ്കിൽ മകൾക്ക് വിഷമം ആകേണ്ടെന്ന് കരുതിയിട്ടാണ്. കുടുംബത്തിന്റെ ഈ മനോഭാവമാണ് തന്റെ കരുത്തെന്ന് അപർണ പറയുന്നു. സീരിയലിൽ വളരെ പക്വതയാർന്നതും, നാടൻ തനിമയുള്ളതുമായ കഥാപാത്രം അഭിനയിക്കുന്നതുകൊണ്ട്, പുറത്തിറങ്ങുമ്പോൾ ആളുകൾ തിരിച്ചറിയാൻ കഷ്ടപ്പെടാറുണ്ട്. എന്നിരുന്നാലും തങ്ങളുടെ പ്രിയ നടിയെ ഒരു കുടുംബാംഗത്തെ എന്നപോലെ പ്രേക്ഷകർ നെഞ്ചോട് ചേർക്കുന്നുമുണ്ട്. പക്ഷേ രസകരമായ വസ്തുതയെന്നത് പലരും സീരിയലിലെ പ്രായം കണക്കാക്കി അടുത്തു വരികയും, ശരിയായ വയസ്സ് 18 ഉള്ളു എന്ന് തിരിച്ചറിയുമ്പോൾ ഞെട്ടുന്നതും നിത്യ സംഭവമാണ്. കുട്ടിക്കാലം മുതൽ ഭരതനാട്യം മോഹിനിയാട്ടം കഥകളി തുടങ്ങിയവ അഭ്യസിച്ച അപർണ്ണ, ഡാൻസ് വിഭാഗത്തിൽ സംസ്ഥാന തലത്തിലെ ജേതാവാണ്.

നൃത്തത്തിനു വേണ്ടി രാപ്പകൽ കഷ്ടപ്പെട്ട് ശ്രമിച്ചു വിജയിച്ച മനോഭാവമാണ് സീരിയലിലും പിന്തുടരുന്നത്. ഇതിന്റെ പ്രതിഫലനമാണ് സീരിയലിലെ കഥാപാത്രത്തിനുവേണ്ടിയുള്ള അടക്കവും, ഒതുക്കവുമാർന്ന രീതിയിലേക്കുള്ള അപർണയുടെ മാറ്റം. ഈ മാറ്റം പ്രേക്ഷകരുടെയും അണിയറപ്രവർത്തകരുടെയും ഇടയിൽ വലിയ പ്രീതി നേടിക്കൊടുത്തു. കഷ്ടപ്പെട്ടാൽ അതിന്റെ ഫലം ദൈവം നൽകുമെന്ന് പറഞ്ഞ അമ്മയുടെ വാക്കുകളാണ് ഇപ്പോഴും അപർണ്ണ മനസ്സിൽ ഒരു മന്ത്രമായ് കൊണ്ടുനടക്കുന്നത്. സരസ്വതി വിദ്യാലയത്തിൽ നിന്നും ഹൈസ്കൂൾ വരെ പഠിച്ച്, കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ്ടു വിദ്യാഭ്യാസം പൂർത്തിയാക്കിയ അപർണ, മെഡിക്കൽ രംഗമാണ് ഉപരിപഠനത്തിനായ് ആഗ്രഹിക്കുന്നത്. കുടുംബത്തിന്റെ പിന്തുണയുള്ളതുകൊണ്ട് അഭിനയ ജീവിതവും,പഠനവും ഒന്നിച്ചു കൊണ്ടു പോകാമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് താരം.


Like it? Share with your friends!

189
24 Web Desk

0 Comments

Your email address will not be published. Required fields are marked *