386

സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ആത്മഹത്യ ചെയ്ത ന്യൂസിലാന്‍ഡ് പ്രവാസി ബൈജു രാജുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് സംവിധായകന്‍ എംബി പദ്മകുമാര്‍ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ബൈജു രാജുവിന് എഴുതുന്ന രീതിയിലുള്ള കത്ത് എന്ന നിലയിലാണ് സംസ്‌കാര ചടങ്ങളുടെ അടക്കമുള്ള വീഡിയോ പങ്കുവെച്ച് കൊണ്ട് സംവിധായകന്‍ കുറിപ്പ് പങ്കിട്ടത്. ”പ്രിയപ്പെട്ട ബൈജു, അവസാനമായി കഴുത്തില്‍ കുരുക്ക് മുറുകുന്നതിനു മുന്‍പായി ലോകത്തോട് ചിലത് വിളിച്ചുപറയാന്‍ നിങ്ങള്‍ തിരഞ്ഞെടുത്ത വ്യക്തികളില്‍ ഞാനുമുണ്ടായിരുന്നല്ലോ. ഒരിക്കലും കണ്ടിട്ടില്ലാത്ത നിങ്ങളെ എനിക്ക് കാണണമെന്ന് തോന്നിയതുകൊണ്ടാണ് ഇന്ന് നിങ്ങളുടെ ശവ സംസ്‌കാര ചടങ്ങുകള്‍ക്ക് ഞാനെത്തിയത്. വലിയ ആള്‍ക്കൂട്ടമൊന്നും വീട്ടിനു മുന്നില്‍ ഇല്ലായിരുന്നു. ഭര്‍ത്താവിന്റെയും ഭര്‍ത്താവിന്റെ പീഡനത്താല്‍ ആത്മഹത്യ ചെയ്ത ഒരു സ്ത്രീയുടെ വീടായിരുന്നെങ്കില്‍ ഇന്നവിടെ ജനസമുദ്രമായിരുന്നേനെയെന്നാണ് പത്മകുമാര്‍ പറയുന്നത്.

എം.ബി. പദ്മകുമാറിന്റെ വാക്കുകള്‍:

”പ്രിയപ്പെട്ട ബൈജു, അവസാനമായി കഴുത്തില്‍ കുരുക്ക് മുറുകുന്നതിനു മുന്‍പായി ലോകത്തോട് ചിലത് വിളിച്ചുപറയാന്‍ നിങ്ങള്‍ തിരഞ്ഞെടുത്ത വ്യക്തികളില്‍ ഞാനുമുണ്ടായിരുന്നല്ലോ. ഒരിക്കലും കണ്ടിട്ടില്ലാത്ത നിങ്ങളെ എനിക്ക് കാണണമെന്ന് തോന്നിയതുകൊണ്ടാണ് ഇന്ന് നിങ്ങളുടെ ശവ സംസ്‌കാര ചടങ്ങുകള്‍ക്ക് ഞാനെത്തിയത്. വലിയ ആള്‍ക്കൂട്ടമൊന്നും വീട്ടിനു മുന്നില്‍ ഇല്ലായിരുന്നു. ഭര്‍ത്താവിന്റെയും ഭര്‍ത്താവിന്റെ പീഡനത്താല്‍ ആത്മഹത്യ ചെയ്ത ഒരു സ്ത്രീയുടെ വീടായിരുന്നെങ്കില്‍ ഇന്നവിടെ ജനസമുദ്രമായിരുന്നേനെ. മരണമൂകത തളംകെട്ടികിടക്കുന്ന ആ വീടിന്റെ പരിസരത്ത് എല്ലാവരും ആരെയോ കാത്തിരിക്കുന്നതായി എനിക്ക് തോന്നി. മരണത്തെ വിളിച്ച് അടുത്തിരുത്തിയപ്പോഴും ഏഴുവര്‍ഷം ജീവനെപ്പോലെ സ്‌നേഹിച്ച മകളെ ഒരുനോക്ക് കാണാന്‍ നിങ്ങള്‍ ഒരുപാട് ശ്രമിച്ചെന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നുവല്ലോ. അന്ന് കുരുക്ക് മുറുകി പിടഞ്ഞു തീര്‍ന്നപ്പോഴും മകളെ കാണണമെന്ന ആഗ്രഹം മായാതെ ശരീരത്തില്‍ ഉറഞ്ഞു കിടക്കുന്നുണ്ടല്ലേ.

ഉരുളുന്ന ഈ മൊബൈല്‍ മോര്‍ച്ചറിയില്‍ ആ ആഗ്രഹവും പേറിയാണ് ബൈജു കിടക്കുന്നതെന്ന് എനിക്കറിയാം. തലയ്ക്ക് മുകളില്‍ ഞാന്‍ കണ്ടു മകളുമൊത്തുള്ള ഫോട്ടോകള്‍. അന്വേഷിച്ചപ്പോള്‍ നിങ്ങളുടെ ഭാര്യയും ഭാര്യ വീട്ടുകാരും മകളെ അവസാനമായിപ്പോലും നിങ്ങളുടെ അടുത്തെത്തിക്കില്ല എന്ന വാശിയിലാണ് പോലും. പക്ഷേ അവസാനം അവര്‍ നിങ്ങളുടെ മകളെ നിങ്ങളെ കാണിക്കുന്നതില്‍ നിന്ന് എന്തിനു തടഞ്ഞു എന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു ബൈജു. എന്നെ മാത്രമല്ല അവിടെ നിന്ന ഓരോരുത്തരെയും. അവരുടെ വാദം നിങ്ങളെ ഈ കിടത്തിയിരിക്കുന്ന സ്ഥലം സംഘര്‍ഷഭരിതമാണ് എന്നാണ്, സംഘര്‍ഷമുള്ള സ്ഥലത്ത് കുട്ടിയെ അയക്കില്ല എന്ന്, കുട്ടി പേടിക്കും പോലും. ഒരു സംഘര്‍ഷവുമില്ലായിരുന്നു ബൈജു, ഞാന്‍ പറഞ്ഞില്ലേ നല്ലവരായ കുറച്ച് ആള്‍ക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബൈജുവിനെപ്പോലെ എല്ലാവരും ആഗ്രഹിച്ചതും മകളെ നിങ്ങളുടെ അടുത്തെത്തിച്ചിട്ട് കവിളില്‍ അവസാന മുത്തം തരുവാനായിരുന്നു. പലരും കാലുപിടിച്ചു, അവര്‍ സമ്മതിച്ചില്ല, പൊലീസിനെ സമീപിച്ചു അവര്‍ കയ്യൊഴിഞ്ഞു.

മകള്‍ വരും കവിളില്‍ അന്ത്യ ചുംബനം തരുമെന്ന് പ്രതീക്ഷിച്ച് നിങ്ങള്‍ തണുത്തുറഞ്ഞു കിടന്നപ്പോള്‍ മകള്‍ വരുന്നതുവരെ നിങ്ങള്‍ക്കൊപ്പം കാത്തിരിക്കാന്‍ അവിടെ എല്ലാവരും തയാറായിരുന്നു. പക്ഷേ കൊണ്ടുവരില്ലെന്നു അവര്‍ പലരെക്കൊണ്ടും ആവര്‍ത്തിച്ച് പറയിച്ചു. അവസാനം മകളെ കാണാതെ മടക്കി അയക്കാന്‍ എല്ലാവരും നിര്‍ബന്ധിതരായി. വിറങ്ങലിച്ച നിങ്ങളുടെ ശരീരം പുറത്തെടുത്ത് വൈദിക ശുശ്രൂഷ ആരംഭിച്ചു. എല്ലാവരും വിങ്ങുന്ന ഹൃദയത്തോടെ നിങ്ങള്‍ക്ക് അന്ത്യ ചുംബനം നല്‍കി. ഞാന്‍ നിങ്ങളുടെ മുഖത്തേക്കൊന്നു നോക്കി, ഞാന്‍ കണ്ടു നിങ്ങളുടെ കണ്ണിന്റെ ഓരത്തെ ആ നനവ്. എല്ലാവരും ഹൃദയം തേങ്ങി കരയുകയായിരുന്നു ബൈജു. തീരുമാനിച്ച സമയത്ത് നിങ്ങളുടെ ശരീരം മണ്ണിട്ട് മൂടാന്‍ കുഴി തയാറായിക്കഴിഞ്ഞു. മകള്‍ വരില്ല ആരും കൊണ്ടുവരില്ല എന്ന് തിരിച്ചറിഞ്ഞ് ആളുകള്‍ നിസ്സഹായരായി നിങ്ങളെ എടുത്ത് ആംബുലന്‍സില്‍ കിടത്തിയത് ഓര്‍മയില്ലേ.

കുട്ടിയെ വിട്ടുതരില്ലെന്ന വാശിയില്‍ അമ്മയും കൂട്ടരും, കൊണ്ടുവരാനുള്ള അവസാന ശ്രമം നടത്തുന്ന ബന്ധുക്കളും സ്വന്തക്കാരും. ആരൊക്കെ എന്ത് പറഞ്ഞാലും കുട്ടിയെ കൊണ്ടുവരില്ലെന്ന വാശി വിജയത്തിലെത്തി. പിന്നെ വാശിയായി, വാശിയല്ല നിങ്ങളുടെ അവകാശത്തിനുവേണ്ടിയുള്ള പോരാട്ടം. അവിടെ ചുവന്ന ബനിയമിട്ട കുറച്ചുപേരുണ്ടായിരുന്നു. ബൈജുവിനെപ്പോലെ പെണ്ണിന്റെ വാശിയില്‍ സ്വയം കുരുക്ക് മുറുകുന്നതിനു മുന്‍പ് ജീവിതത്തിലേക്ക് തിരിച്ചുകയറി ജീവിച്ചു കാണിച്ചവരുടെ കൂട്ടായ്മ, എം ആര്‍ എഫ്, മെന്‍സ് റൈറ്റ് ഫൗണ്ടേഷന്‍. എല്ലാവരും കയ്യൊഴിഞ്ഞിടത്ത് അവരുണര്‍ന്നു. വിളിക്കേണ്ടവരെ വിളിച്ചു, നിയമത്തിന്റെ എല്ലാ വശങ്ങളും കൊണ്ട് പോരാടി. പോരാട്ടത്തില്‍ അവര്‍ പെണ്ണിന്റെ വാശിക്ക് മുന്നില്‍ വേലികെട്ടിയടച്ചു. അവരെ സഹായിച്ച മേലധികാരികളുടെ വാദത്തിനു ശക്തമായി തടയിട്ടു. അധികാരത്തിന്റെ പിടി അയഞ്ഞു തുടങ്ങി ബൈജു. നിങ്ങളെ പുറത്തെടുത്ത് ആംബുലന്‍സില്‍ കിടത്തിയില്ലേ അവിടെ വീണ്ടും കാത്തുകിടന്നില്ലേ, അപ്പോള്‍ പൊട്ടിമുളച്ചതുപോലെ ചില ശബ്ദങ്ങള്‍ നിങ്ങളെ അസ്വസ്ഥമാക്കി പള്ളിയിലേക്ക് പറഞ്ഞയക്കാന്‍ തയാറെടുത്തില്ലേ, അപ്പോള്‍ അതാ ഒരാള്‍ ഓടി വന്നു പറയുന്നു, ‘പോകാന്‍ വരട്ടെ മകള്‍ വരുന്നുണ്ട്’.

ബാലാവകാശക്കമ്മീഷന്റെയും പൊലീസ് അധികാരികളുടെയും ശക്തമായ ഇടപെടലില്‍ മകളെ എത്തിക്കാമെന്ന് അവര്‍ക്ക് സമ്മതിക്കേണ്ടി വന്നു. ജയിച്ചു ബൈജു നിങ്ങള്‍ ജയിച്ചു. നിങ്ങളുടെ അരികിലേക്ക് മകള്‍ എത്തുന്നു. ബൈജുവിന് അവസാനമുറങ്ങേണ്ട ആ ആറടി മണ്ണിനരികില്‍ മകളെ എത്തിക്കാമെന്ന ഉറപ്പിന്മേല്‍ ആ ആംബുലന്‍സ് നീങ്ങി. പള്ളിയില്‍ നിങ്ങള്‍ക്കുവേണ്ടി അവസാന ശുശ്രൂഷ നടക്കുകയാണ്. എനിക്കറിയാം നിങ്ങള്‍ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവളെ കാണാനായിരുന്നു തിടുക്കം. പുറത്ത് ആള്‍ക്കാരും അക്ഷമരായി കാത്തു നില്‍ക്കുകയാണ്. സമയം നീളുന്നു. അങ്ങകലെ നിങ്ങളെയും കാത്ത് അനന്ത വിഹായസും താഴെ മണ്ണും കാത്തിരിക്കുന്നു. മകള്‍ ഇനിയും എത്തിയിട്ടില്ല, എല്ലാവരുടെയും ഹൃദയമിടിപ്പ് കൂടി. ആരൊക്കെയോ എവിടെയൊക്കെയോ നിന്ന് ചില ആജ്ഞകള്‍ പുറപ്പെടുവിക്കുന്നു. ഒരച്ഛന്റെ അരികില്‍ മകളെ എത്തിക്കാന്‍ എന്തിനാണ് ഇത്രയും ആജ്ഞകള്‍? ഓ നിങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയില്ലല്ലോ അതുകൊണ്ട് നിങ്ങളുടെ ശബ്ദം മറ്റാരെങ്കിലും ഏറ്റെടുത്ത് സംസാരിക്കുകയാണ്. അവസാനം ഒരറിയിപ്പ് വന്നു ഞങ്ങളാരും നിങ്ങളുടെ മകളെ കാണരുത്. അച്ഛന് മകള്‍ കൊടുക്കുന്ന അവസാന ചുംബനം ലോകത്തെ കാണിക്കരുത്. മകള്‍ പേടിക്കും പോലും.

ക്യാമറയ്ക്ക് പുറകിലുള്ള ശരീരങ്ങള്‍ പുറത്ത്. അവര്‍ മനസ്സിലാക്കിയില്ല, ഞങ്ങളാണ് ഇത്രയുമൊക്കെ എത്തിച്ചതെന്ന്. ശരി ഞങ്ങള്‍ മകളെ കാണുന്നില്ല എന്ന് പറഞ്ഞു. അവസാനം അവര്‍ എത്തി. നിങ്ങളുടെ ഭാര്യയുടെ ബന്ധുക്കള്‍ തീര്‍ത്ത സംരക്ഷണവലയത്തില്‍ മകളെയും കൊണ്ട്. ഞങ്ങളെ പുറത്താക്കി പള്ളി ട്രസ്റ്റിയും കാവല്‍ നിന്നു. എനിക്ക് കാണണമെന്നുണ്ടായിരുന്നു ബൈജു, പക്ഷേ കാണിച്ചില്ല. ഒന്ന് ചോദിക്കട്ടെ, മകള്‍ നിങ്ങള്‍ക്ക് തന്ന ചുംബനം നിങ്ങളറിഞ്ഞോ? അനുഭവിച്ചോ? മകള്‍ നിങ്ങളെ കണ്ടോ ബൈജു? എന്തായാലും പെട്ടെന്ന് തന്നെ അവര്‍ മകളെയും കൊണ്ട് പോയത് ഞാന്‍ കണ്ടു. ഒരുപാട് പേരുറങ്ങുന്ന മണ്ണിന്റെ കോണില്‍ മനുഷ്യനടച്ച പേടകത്തില്‍ നിങ്ങള്‍ യാത്രയായി. എല്ലാവരും മടങ്ങി തുടങ്ങി. പള്ളിയില്‍ ചായ സല്‍ക്കാരമുണ്ടായിരുന്നു.

ചായ കുടിച്ച് എല്ലാവരുടെയും ദാഹവും ക്ഷീണവും തീര്‍ന്നു. എനിക്കറിയാം മനുഷ്യര്‍ എന്തൊക്കെ നിങ്ങള്‍ക്കിനിയും നല്‍കിയാലും നിങ്ങളുടെ ദാഹം ഒരിക്കലും തീരില്ലെന്ന്. മടങ്ങുന്ന വഴി വീണ്ടും ബൈജുവിന്റെ വീട് ഞാനൊന്നു നോക്കി. അവിടെ ആരുമുണ്ടായിരുന്നില്ല . അവിടെ കെട്ടിയിരുന്ന ദുഃഖത്തിന്റെ അടയാളം കാറ്റില്‍ ഇളകുന്നുണ്ട്. എപ്പോഴോ നിങ്ങള്‍ ചിരിച്ചപ്പോഴെടുത്ത ആ മുഖം പെരിയ പോസ്റ്റര്‍ ചലനമില്ലാതെ അവിടെയുണ്ട്. പക്ഷേ അപ്പുറത്ത് വാഴകള്‍ കാറ്റില്‍ ഉലയുന്നുണ്ടായിരുന്നു. മഴ പൊടിയുന്നുണ്ടായിരുന്നു. കാറ്റായി മഴയായി വെയിലായി മഞ്ഞായി ഇവിടെ ഉണ്ടാകുമോ ബൈജു നിങ്ങള്‍? കാത്തിരിക്കാം. ഞങ്ങളും മടങ്ങുകയാണ് ബൈജു, വിട.”


Like it? Share with your friends!

386

0 Comments

Your email address will not be published. Required fields are marked *