298

ന്യൂദല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീം കോടതിയില്‍.

കൊവിഡും ലോക്ക് ഡൗണും കാരണം സുപ്രീം കോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നാണ് പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് കോടതിയെ അറിയിച്ചത്.

നടന്‍ ദിലീപ് പ്രതിയായ കേസിലെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് 2019 നവംബര്‍ 29 നായിരുന്നു സുപ്രീം കോടതി നിര്‍ദേശിച്ചത്. ഇത് അനുസരിച്ച് മെയ് 29 ന് വിചാരണ പൂര്‍ത്തിയാക്കേണ്ടതായിരുന്നു.

എന്നാല്‍ ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ കോടതി പ്രവര്‍ത്തിക്കാനായില്ല. വിചാരണ നടപടികള്‍ ഈ സമയം കൃത്യമായി മുന്‍പോട്ട് കൊണ്ടുപോവാനുമായില്ല. ഈ സാഹചര്യത്തിലാണ് മൂന്ന് മാസത്തേക്ക് കൂടി വിചാരണ നടപടികള്‍ നീട്ടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചത്.

സുപ്രീം കോടതി രജിസ്ട്രിക്ക് ഇത് സംബന്ധിച്ച് കത്ത് നല്‍കി. ആഗസ്റ്റ് നാലിന് കേസ് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കും. കേസിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന നടന്‍ ദിലീപിന്റെ ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.

ജഡ്ജിയുടെ ആവശ്യം കോടതി അംഗീകരിച്ചാല്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ നവംബര്‍ വരെ സമയം ലഭിക്കും. നിലവില്‍ നടിയുടെ ക്രോസ് വിസ്താരമാണ് കോടതിയില്‍ നടക്കുന്നത്. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. ഇനി റീ എക്‌സാമിനേഷന്‍ നടക്കേണ്ടതുണ്ട്.


Like it? Share with your friends!

298
meera krishna

0 Comments

Your email address will not be published. Required fields are marked *