149

ശക്തമായ മഴയിലും കാറ്റിലും മലബാറില്‍ വ്യാപക നാശനഷ്ടം. വയനാട് വാളാട് വീടിന് മുകളിൽ മരം വീണതിനെ തുടർന്ന് ഓടി രക്ഷപ്പെടുന്നതിനിടെ ആറ് വയസുകാരി മരിച്ചു. അച്ഛനും സാരമായി പരുക്കേറ്റു. കോഴിക്കോടും കണ്ണൂരും നിരവധി വീടുകൾ ശക്തമായ കാറ്റിലും മഴയിലും തകർന്നു,

ഇന്നലെ രാത്രി മുതൽ തുടർച്ചയായി പെയ്യുന്ന ശക്തിയായ മഴയിലാണ് വയനാട് വാളാട് തോളക്കര കോളനിയിലെ ജ്യോതിക ദേഹത്ത് മരം വീണ് മരിച്ചത്. കനത്തമഴയിൽ വീടിന് സമീപത്ത് മരം വീണതിനെ തുടർന്ന് ആറ് വയസുകാരിയേയും കൊണ്ട് അച്ഛൻ ബാബു ഓടി രക്ഷപ്പെടാൻ ശ്രമിക്കവേയാണ് ജ്യോതികക്ക് മേൽ മരത്തിന്റെ ശിഖരം വന്നുപതിച്ചത്. അപകടത്തിൽ അച്ഛൻ ബാബുവിന്റെ ഒരു കാൽ പൂർണമായും നഷ്ടമായി.

പനമരത്തുൾപ്പെടെ നിരവധിയിടങ്ങളിൽ വീടുകൾക്ക് മുകളിൽ മരം കടപുഴകി വീണു. വൈത്തിരി താലൂക്കിൽ 8 ഉം മാനന്തവാടിയിൽ 5 ഉം ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു . 60 വയസിന് മുകളിൽ ഉള്ളവർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും പ്രത്യേകം ക്യാമ്പുകളാണ് ഒരുക്കിയത്.

ശക്തമായ കാറ്റിൽകണ്ണൂർ ജില്ലയിലും വ്യാപകമായ നാശ നഷ്ടങ്ങളുണ്ടായി. നിരവധി വീടുകൾ തകർന്നു. തീരദേശ മേഖലയിലും മലയോര മേഖലയിലും ശക്തമായ കാറ്റ് വീശി. കണ്ണൂർ, പാനൂർ, മട്ടന്നൂർ, ചെറുപുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാപക നാശനഷ്ടങ്ങളുണ്ടായത്.മിക്കയിടത്തും മരങ്ങൾ കടപുഴകിവീണു. വൈദ്യുതി ബന്ധം പലയിടത്തും താറുമാറായി. പല പാതകളിലും മരം പൊട്ടി വീണ് ഗതാഗതവും തടസപ്പെട്ടു. ചില സ്ഥലങ്ങളിൽ കൃഷി നാശവുമുണ്ടായി.

കോഴിക്കോടും ശക്തമായ മഴയാണ് തുടരുന്നത്. ഫറൂഖ് കോളജിന് സമീപം ശങ്കരൻ തൊടിയിൽ സതിയുടെ പറമ്പിലെ വലിയ മരം ആലക്ക് മുകളിൽ വീണ് തൊഴുത്തിലുണ്ടായിരുന്ന പശുവിന് ജീവൻ നഷ്ടമായി. പയ്യാനക്കൽ, ബേപ്പൂർ, ഭാഗങ്ങളിൽ വൻ മരങ്ങൾ വീണ് ഗതാഗത തടസമുണ്ടായി. താമരശേരി ചുരം രണ്ടാം വളവിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. മറ്റ് ജില്ലകളിലും മഴ ശക്തമായി തുടരുന്നുണ്ട്.


Like it? Share with your friends!

149
meera krishna

0 Comments

Your email address will not be published. Required fields are marked *