144

സംസ്ഥാനത്ത് ഇന്നലെ രാത്രിത്തുടങ്ങിയ കനത്ത മഴ തുടരുകയാണ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കേരളാ തീരത്ത് മത്സ്യത്തൊഴിലാളികൾ രണ്ട് ദിവസത്തേക്ക് കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. 

തിരുവനന്തപുരത്ത് പലയിടത്തും ഇന്നലെ രാത്രിയോടെ ആരംഭിച്ച കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കോട്ടയത്തും എറണാകുളത്തും ആലപ്പുഴയിലും പുലർച്ചെ മുതൽ ആരംഭിച്ച മഴ തുടരുന്നു.  

കോട്ടയത്ത് റെയില്‍വേ ലൈനില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. വേണാട് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തിവച്ചു.

പത്തനംതിട്ടയിൽ മഴ കനത്തതിനാൽ മണിയാർ അണക്കെട്ടിന്‍റെ ഷട്ടറുകൾ ഉയർത്തേണ്ടിവരുമെന് ജില്ലാ കളക്ടർ അറിയിച്ചു.

തിരുവനന്തപുരത്ത് അരുവിക്കര ഡാമിൻറെ മൂന്നാമത്തെ ഷട്ടർ 30 സെ.മീ കൂടി ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അണക്കെട്ടിലെ ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിന് 5 മുതൽ പത്ത് വരെ സെന്റിമീറ്റർ ഉയർത്തേണ്ടി വരും.  കക്കിട്ടാറിന്റേയും പമ്പയാറിന്റേയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

കോട്ടയം ചുങ്കത്ത് മണ്ണ് വീട്ടിലേക്ക് ഇടിഞ്ഞു വീണു. വീട്ടുകാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആളുകള്‍ വീട്ടിലാണെങ്കിലും മഴ വൈറസ് വ്യാപന പ്രതിരോധത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്. 

തിരുവനന്തപുരം മുതൽ തൃശ്ശൂര്‍ വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചിലയിടങ്ങളിൽ 20 സെന്‍റീമീറ്റര്‍ വരെ മഴ കനക്കാൻ സാധ്യതയുണ്ട്. മഴക്കൊപ്പം കാറ്റും അതിശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു.

മണിക്കൂറിൽ അമ്പത് കിലോമീറ്റര്‍ വരെ വേഗതയിൽ കാറ്റ് വീശും. മലോയര മേഖലയിൽ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

നാളെ മുതൽ വടക്കൻ ജില്ലകളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. 

കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ ഓഗസ്റ്റ് മാസത്തോടെ സംസ്ഥാനത്ത് വലിയതോതിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. 

മഴ തുടരുന്ന അവസ്ഥയില്‍ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ബന്ധവും തകരാറിലാണ്.


Like it? Share with your friends!

144
24 Web Desk

0 Comments

Your email address will not be published. Required fields are marked *