185

തിരുവനന്തപുരം: ഒരു ഓൺലൈൻ പോർട്ടലിൽ സത്യവിരുദ്ധമായി നൽകിയ വീഡിയോ വാർത്തയ്ക്കെതിരെ തിരുവനന്തപുരം കിംസ് ആശുപത്രി അധികൃതർ. കിംസിൽ ചികിത്സയിലായിരുന്ന 42 വയസുള്ള രോഗിയുടെ അപ്രതീക്ഷിത മരണത്തെ തെറ്റിദ്ധാരണാജനകമായി റിപ്പോർട്ട് ചെയ്ത മാധ്യമ സ്ഥാപനത്തിനെതിരേ പോലീസിൽ പരാതി നൽകിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സയിൽ പിഴവ് ഉള്ളതായി ഇതുവരെയും ഒരു തീർപ്പും ഉണ്ടായിട്ടില്ല എന്നിരിക്കെ, അന്വേഷണത്തിൽ ഉള്ള ഒരു വിഷയത്തിൽ തെറ്റായ വാർത്ത പ്രസിദ്ധപ്പെടുത്തുന്നത് സ്ഥാപനത്തിന്റെ സൽപ്പേര് മനഃപൂർവം കളങ്കപ്പെടുത്താൻ ആണെന്ന് സംശയിക്കുന്നതായും ആശുപത്രി അധികൃതർ പറഞ്ഞു.

കിംസ് അധികൃതർ നൽകുന്ന വിശദീകരണം ഇങ്ങനെ: ചികിത്സക്കായി കഴിഞ്ഞ വർഷമാണ് രോഗി കിംസിൽ എത്തിയത്. ഇരു വൃക്കയിലും ഉള്ള കല്ലുകൾ നീക്കം ചെയ്യുന്നതിനായി പല ഘട്ടങ്ങളിൽ ആയി ഉള്ള ചികിത്സാ ക്രമം ഡോക്ടർമാർ ശുപാർശ ചെയ്തിരുന്നു. അതനുസരിച്ച്,2020 ജനുവരി അവസാന വാരത്തിൽ രോഗി സ്റ്റെന്റിംഗിന് വിധേയമായി.

തുടർന്ന്, ഫെബ്രുവരി 11 ന് ഇടത് വൃക്കയിലെ കല്ല് പൂർണ്ണമായും നീക്കം ചെയ്യുകയും വലത് വൃക്കയിലെ കല്ല് 80% നീക്കുകയും ചെയ്തു. തുടർന്ന് ഉള്ള കല്ലുകൾ മാറുവാൻ ഡോക്ടർ രണ്ടാഴ്ചത്തെ മെഡിക്കൽ മാനേജ്മെന്റ് നിർദേശിക്കുകയും ചെയ്തു.  എന്നൽ രോഗിക്ക് വിദേശത്തുള്ള ജോലിക്ക് ഉടനെ തന്നെ തിരികെ കയറേണ്ടിയിരുന്നതിനാൽ രോഗിയും കുടുംബവും ബാക്കി ഉള്ള 20% കല്ല് നീക്കം ചെയ്യാൻ ശസ്ത്രക്രിയ വേണം എന്ന് ആവശ്യപ്പെട്ടു. തുടർന്ന് വലത്  വൃക്കയിലെ 20% കല്ല് നീക്കം ചെയ്യുന്നതിനായി ഫെബ്രുവരി 20 ന് രോഗി ആശുപത്രിയിൽ എത്തുകയും ചെയ്തു.

ശസ്ത്രക്രിയയുടെ ഭാഗമായി നടത്തേണ്ട എല്ലാ നിർബന്ധിത പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് രോഗിയെ ശസ്ത്രക്രിയയ്ക്ക് തയ്യാറാക്കിയത്. ശസ്ത്രക്രിയ പൂർത്തിയാകുന്ന സമയത്ത് രോഗിക്ക് ഹൃദയാഘാതം സംഭവിക്കുകയും ഡോക്ടർമാരുടെ ഒരു പാനൽ സി‌പി‌ആറും മറ്റ് അടിയന്തിര പരിചരണങ്ങളും നൽകയും ചെയ്തു. എങ്കിലും രോഗിയുടെ നില വഷളാവുകയായിരുന്നു. തുടർന്ന് രാത്രിയിൽ രോഗി മരണപ്പെട്ടു.

രോഗികൾക്ക് ഹൃദയസ്തംഭനം ഉണ്ടാകുമ്പോൾ ജീവൻ തിരികെ പിടിക്കാൻ നീണ്ട നേരം സി‌പി‌ആർ നൽകേണ്ടതായി വരാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ വാരിയെല്ലുകൾക്ക് തകരാറുകൾ സംഭവിക്കാൻ സാധ്യത കൂടുതലാണ്. ഇക്കാര്യം രോഗിയുടെ കുടുംബത്തോട് വിശദമായി സംസാരിക്കുകയും കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തതാണ്. അതിനൊപ്പം രോഗിയുടെ ചികിത്സാ റിപ്പോർട്ടുകളും മറ്റും അന്വേഷണ ആവശ്യങ്ങൾക്കായി നൽകി പൂർണ്ണമായും സഹകരിക്കുകയാണെന്നും ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.


Like it? Share with your friends!

185
24 Web Desk

0 Comments

Your email address will not be published. Required fields are marked *