102

ആലപ്പുഴ ജില്ലയിൽ നങ്ങ്യാർകുളങ്ങര നിന്നും മാവേലിക്കരയിലേക്ക് പോകുമ്പോൾ മുട്ടം എന്ന സ്ഥലത്ത് വലതു വശത്തായി കാടുകയറിയെങ്കിലും പ്രൗഡിയോടെ നിൽക്കുന്ന ഒരു പഴയ മന കാണാം. അതാണ് “ആലുമ്മൂട്ടിൽ മേട”ഈ മേടയെക്കുറിച്ച് ഞാനാദ്യമായി കേൾക്കുന്നത് എന്റെ സുഹൃത്തിൽ നിന്നാണ്. ഇവിടെ വെച്ചാണ് വർഷങ്ങൾക്കു മുമ്പ് “ആലുമ്മൂട്ടിൽ ചാന്നാൻ” എന്ന മനയിലെ കാരണവരും അവിടുത്തെ വേലക്കാരി പെൺകുട്ടിയും ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഈ അറും കൊലകളുടെ കഥ കേട്ടിട്ടാണ് മധു മുട്ടം എന്ന എഴുത്തുകാരൻ മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തേയും മികച്ച സൈക്കോ ത്രില്ലറായ മണിച്ചിത്രത്താഴ് എന്ന സിനിമയ്ക്കായി തൂലിക ചലിപ്പിച്ചത്. ഈ വസ്തുത കൂടി കേട്ടതു മുതൽ ആലുമ്മൂട്ടിൽ മേട നേരിൽ കാണുവാനും അതുമായി ബന്ധപ്പെട്ട ചരിത്രത്തെക്കുറിച്ച് കൂടുതലറിയാനും ഭയങ്കര ആകാംക്ഷയായിരുന്നു. അതിനു വേണ്ടി ഞാനും എന്റെ സുഹൃത്ത് മണികണ്ഠനും കൂടി ആറ്റിങ്ങലിൽ നിന്നും മുട്ടത്തേക്കു യാത്ര തിരിച്ചു.പുരാതനകാലത്ത് എപ്പോഴോ നടന്ന ദുരൂഹമായ ആ കൊലപാതകങ്ങളുടെ കേട്ടറിഞ്ഞ കഥകൾ ഇപ്രകാരമായിരുന്നു…’വർഷങ്ങൾക്കു മുമ്പ് അയിത്തം നിലനിന്നിരുന്ന രാജഭരണകാലത്ത് ഈഴവ സമുദായത്തിൽപ്പെട്ട ഈ കുടുംബത്തിന് അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ചാന്നാൻ സ്ഥാനം നൽകി ആദരിച്ച ജന്മിത്തറവാടായിരുന്നു ആലുമ്മൂട്ടിൽ മേട. മരുമക്കത്തായ സമ്പ്രദായമായിരുന്നു ഈ കുടുംബത്തിൽ നിലനിന്നിരുന്നത്. തിരുവിതാംകൂറിൽ അക്കാലത്ത് മഹാരാജാവിനുൾപ്പെടെ മൂന്നോ നാലോ പേർക്ക് മാത്രമേ കാർ ഉണ്ടായിരുന്നുള്ളു. അതിലൊരാളായിരുന്നു ഇവിടുത്തെ കാരണവർ. നൂറുകണക്കിനു വരുന്ന ജോലിക്കാർ ഈ തറവാട്ടിലുണ്ടായിരുന്നു. അന്ന് ഈ തറവാട്ടിലെത്തുന്ന ഏതൊരാൾക്കും അതെത്ര പേരായാലും ഏതു സമയത്തും ഭക്ഷണം നൽകിയിരുന്ന ഒന്നായിരുന്നു ഇവിടുത്തെ അടുക്കളയും ഊട്ടുപുരയും.മേടയിൽ പുരുഷന്മാരും എട്ടുകെട്ടിൽ സ്ത്രീകളുമായിരുന്നു താമസിച്ചിരുന്നത്. ജോലിക്കാർക്ക് താമസിക്കാനായി പ്രത്യേകമായി സൗകര്യമൊരുക്കിയിരുന്നു. അങ്ങനെയിരിക്കെയാണ് നാടിനെ നടുക്കിയ കൊലപാതകം ഈ തറവാട്ടിൽ സംഭവിക്കുന്നത്. മരുമക്കത്തായം നിലനിന്നിരുന്ന അക്കാലത്ത് മരുമക്കൾക്കു ലഭിക്കേണ്ട സ്വത്തുക്കൾ കാരണവർ മക്കൾക്ക് എഴുതി നൽകി എന്നൊരു വാർത്ത പരന്നു. ഇതറിഞ്ഞ മരുമക്കൾ അതിനെതിരെ രഹസ്യമായി ഗൂഡാലോചന നടത്തുകയും തുടർന്ന് സംഘം ചേർന്ന് മേടയിലെത്തിയ അവർ ചാന്നാനെ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തു. മേടയുടെ താക്കോൽക്കൂട്ടം കാരണവരിൽ നിന്ന് കൈവശപ്പെടുത്തുകയും നിലവറ തുറന്ന് അവിടെ സൂക്ഷിച്ചിരുന്ന പണ്ടവും പണവുമെല്ലാം കൈക്കലാക്കുകയും ചെയ്തു. ഈ സമയത്താണ് ഇതൊന്നുമറിയാതെ ഒരു വേലക്കാരി പെൺകുട്ടി മേടയിലേക്ക് കടന്നുവന്നത്. ഈ കൊലപാതകത്തിന് യാദൃശ്ചികമായി ദൃക്സാക്ഷിയാകേണ്ടിവന്ന അവളേയും തെളിവില്ലാതാക്കാനായി ആ മേടയിലിട്ടുതന്നെ ക്രൂരമായി വെട്ടിക്കൊന്നു.പ്രതാപൈശ്വര്യങ്ങളിൽ തിളങ്ങി നിന്ന ആലുമ്മൂട്ടിൽ മേട ഈ കൊലപാതകങ്ങൾക്കു ശേഷം ക്രമേണ ഭയപ്പെടുത്തുന്ന പ്രേതഭവനമായി മാറി. രാജഭരണം നിലനിന്നിരുന്ന അക്കാലത്ത് പ്രതികളെല്ലാം പിടിക്കപ്പെടുകയും കൊലപാതകം നടത്തിയ ചാന്നാന്റെ അനന്തിരവനെ തൂക്കിക്കൊല്ലുകയും ചെയ്തു. തുടർന്ന് തറവാട്ടിൽ സ്ഥിരമായി ദുർനിമിത്തങ്ങൾ ഉണ്ടാവുകയും പിന്നീടവിടെ ആരും താമസിക്കാതാവുകയും ചെയ്തു. ഇതാണ് ആലുമ്മൂട്ടിൽ മേടയെ ചുറ്റിപ്പറ്റിയുള്ള ചരിത്രം…ദുരൂഹത തുളുമ്പുന്ന ആ അന്തരീക്ഷം ഉണർത്തി വിട്ട സങ്കൽപ്പങ്ങളിൽ നിന്നാണ് ശ്രീ മധു മുട്ടത്തിന് മണിച്ചിത്രത്താഴ് എന്ന മനോഹരമായ തിരക്കഥ എഴുതാൻ പ്രേരണയായത്.ഞങ്ങൾ ഉച്ചയോടു കൂടി മേടയ്ക്കു സമീപത്തെത്തി. ഒട്ടേറെ നിഗൂഡതകൾ നിറഞ്ഞതും എന്നാൽ പ്രൗഡിയോടെ തലയുയർത്തി നിൽക്കുകയാണ് ഞങ്ങൾക്കു തൊട്ടു മുന്നിലായി ആ പഴയ ആലുമ്മൂട്ടിൽ മേട. തുറന്നു കിടന്ന ഗേറ്റിനുള്ളിലൂടെ ഞങ്ങൾ മേടയിലേക്കു കയറി… ഗതകാലസ്മരണകളുണർത്തി കാടും കരിയിലയും നിറഞ്ഞ വിശാലമായ മുറ്റം… ഇടതൂർന്നു വളർന്നു നിൽക്കുന്ന രണ്ട് കൂറ്റൻ മാവുകൾക്കിടയിൽ പഴയ തലയെടുപ്പോടെ നിൽക്കുകയാണ് ഇന്നും ഈ തറവാട്. തറവാടിന്റെ രണ്ടു വശങ്ങളിലായി കേരളത്തിന്റെ തനതായ വാസ്തുവിദ്യ വിളിച്ചോതുന്ന എട്ടുകെട്ടും ധാന്യപ്പുരയും കാണാം. എട്ടുകെട്ടിന്റെ വരാന്തയിലേക്കു കയറിയാൽ കേരളീയ തച്ചുശാസ്ത്രത്തിന്റെ കരവിരുത് എല്ലായിടത്തും പ്രകടമായി കാണാം. ചുവരിൽ ഒരു സ്ത്രീയുടെ ബ്ലാക്ക് & വൈറ്റ് ചിത്രം. ആരാണീ സ്ത്രീയെന്നറിയില്ലെങ്കിലും കാലപ്പഴക്കം കൊണ്ടു മങ്ങലേറ്റു തുടങ്ങിയ ആ ഫോട്ടോയിലേക്ക് കുറേനേരം ഞങ്ങൾ നോക്കിനിന്നു. അതിനു സമീപത്തായി അടഞ്ഞു കിടക്കുന്ന പഴയ പൂജാമുറി. കാലപ്പഴക്കം കൊണ്ടു വിള്ളൽ വീണ ജനാലപ്പഴുതിലൂടെ അകത്തേക്കു നോക്കിയപ്പോൾ ഉള്ളിലെ വരാന്തയിൽ വിലപിടിപ്പുള്ള പഴക്കം ചെന്ന ചില ഗൃഹോപകരണങ്ങൾ. അതിമനോഹരമായ കൊത്തുപണികളോടു കൂടിയ മേൽക്കൂരയും മുഖമണ്ഡപവും. അതിന്റെ വശങ്ങളിലായി നിലവറയിലേക്ക് പ്രവേശിക്കുന്നതിനുള്ള രഹസ്യവഴിയും കാണാം. പക്ഷേ വഴി അടച്ചിരിക്കുന്നു. അവിടെ നിൽക്കുന്ന സമയത്ത് കൊലചെയ്യപ്പെട്ട കാരണവരുടെ കാൽപ്പെരുമാറ്റം അകത്തെവിടെയോ കേൾക്കുന്നതായൊരു തോന്നൽ… പെട്ടെന്നാണ് മറ്റൊരു കാഴ്ച ഞങ്ങൾ കണ്ടത്. ഒരു സത്രീ… അത് ഞങ്ങളെത്തന്നെ നോക്കി നിൽക്കുകയാണ്. ആളനക്കമില്ലാത്ത ദുരൂഹത നിറഞ്ഞ മേടയിൽ പെട്ടെന്നൊരു സ്ത്രീരൂപത്തെ കണ്ടപ്പോൾ തെല്ലൊന്നു ഭയപ്പെട്ടു… കാരണമറിയാമല്ലോ ഈ മേടയെ ചുറ്റിപ്പറ്റിയുള്ള കേട്ട കഥകളൊക്കെ അത്തരത്തിലുള്ളതായിരുന്നല്ലോ…ഞാൻ ആദ്യം നോക്കിയത് ആ സ്ത്രീയുടെ പാദം നിലത്തു മുട്ടുന്നുണ്ടോ എന്നായിരുന്നു. ഓഹ്…ഭാഗ്യം… പാദവും പാദരക്ഷയുമെല്ലാം നിലത്തു തന്നെയുണ്ട്. ആരാണ് എന്ന അവരുടെ ചോദ്യത്തിനുത്തരമായി ഞങ്ങൾ തിരുവനന്തപുരത്തു നിന്നും ഈ മേട കാണുവാനായി വന്നതാണെന്നു പറഞ്ഞു. അപ്പോൾ അവരൊന്നു ചിരിച്ചു.. നിങ്ങൾ ഈ മേടയിലുള്ളയാളാണോ എന്നു തിരിച്ചു ചോദിച്ചപ്പോൾ അവർ പറഞ്ഞു ‘ഈ തറവാടിന്റെ മേൽനോട്ടമായി ഇവിടെ നിൽക്കുന്നവരാണ്. ഞാനും ഭർത്താവും ഇതിന്റെ സൈഡിലായാണ് താമസിക്കുന്നത്.ഒടുവിൽ അവരുടെ അനുവാദത്തോടെ അവിടം മുഴുവൻ ചുറ്റിക്കാണാനും മേടയുടെയുള്ളിൽ കയറുവാനും കഴിഞ്ഞു.എവിടെ നോക്കിയാലും പഴമയുടെ വിസ്മയങ്ങൾ. വ്യാളീമുഖം കൊത്തിയ തടിവർക്കുകൾക്ക് ഇപ്പോഴും ഒരു കോട്ടവും തട്ടിയിട്ടില്ല. ഒടുവിൽ ആ അപമൃത്യു നടന്ന മുറിയ്ക്കു സമീപത്തെത്തി… യഥാർത്ഥ ജീവിതത്തിലെ മണിച്ചിത്രത്താഴിന്റെ നേർക്കാഴ്ച ഞങ്ങളെ അത്ഭുതപ്പെടുത്തി. ചിലന്തിവലകളും മാറാലയും നിറഞ്ഞ റൂമിനു സമീപം വവ്വാലുകളും നരിച്ചീറുകളും ചിറകടിച്ചു പറക്കുന്നു. മണിച്ചിത്രപ്പൂട്ടിട്ടു പൂട്ടിയ ആ വാതിലിൽ ഞാൻ വെറുതെയൊന്നു കാതോർത്തു.. അകത്തു നിന്ന് എവിടെയോ ചിലങ്കയുടെ ശബ്ദം കേൾക്കുന്നുണ്ടോ..? ഏയ് ഇല്ല…ഞാൻ ഒന്നുകൂടി കാതോർത്തു…”ഒരു മുറൈ വന്ത് പാറായോ… എന്ന ഗാനം പതിയെ ചെവിയിൽ മുഴങ്ങുന്ന പോലെയൊരു തോന്നൽ..? ഏയ് ഇല്ല… അതും വെറുമൊരു തോന്നൽ മാത്രമാണ്. അല്ലെങ്കിലും ഇതുപോലുള്ള ചില വേണ്ടാത്ത ചിന്തകളാണല്ലോ ഇല്ലാത്ത പലതും കണ്ടുവെന്നും കേട്ടുമെന്നും നമ്മളെക്കൊണ്ടു വെറുതെ തോന്നിപ്പിക്കുന്നത്. പക്ഷേ ഈ തോന്നലുകൾ എനിക്കു മുമ്പേ തോന്നിയ വേറൊരാൾ ഈ നാട്ടിലുണ്ടല്ലോ. മണിച്ചിത്രത്താഴിന്റെ സൃഷ്ടാവായ ശ്രീ മധു മുട്ടം.

ഈ നാട്ടിൽ വന്നിട്ട് അദ്ദേഹത്തെ കാണാതെ എങ്ങനെയാ തിരിച്ചു പോകുന്നെ. അദ്ദേഹത്തിന്റെ വീട് അന്വേഷിച്ചപ്പോൾ അവിടുന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ മാത്രമേ ദൂരമുള്ളൂവെന്നറിഞ്ഞു. ഒടുവിൽ ഞങ്ങൾ അങ്ങോട്ടേക്ക് യാത്ര തിരിച്ചു.ഒരു ആശ്രമത്തിനു സമാനമാണ് മധു മുട്ടം സാറിന്റെ വീട്. വിശാലമായ നടുമുറ്റത്ത് ഒരു വയണമരം പൂത്തുലഞ്ഞു സുഗന്ധം പരത്തി നിൽക്കുന്നു. അമ്മ മരിച്ചതിനു ശേഷം അദ്ദേഹമിവിടെ തനിച്ചാണ് താമസം. സഹോദരങ്ങളില്ല, വിവാഹം കഴിക്കാത്തതിനാൽ ബന്ധങ്ങളുടെ ഭാരവുമില്ല. ഞങ്ങൾ ചെല്ലുമ്പോൾ അദ്ദേഹം ഉമ്മറത്തെ ചാരുകസേരയിൽ ഏകാന്തനായി വിശ്രമിക്കുന്നു. ഞങ്ങൾ തിരുവനന്തപുരത്തു നിന്നും വന്നതാണെന്നു പറഞ്ഞപ്പോൾ അദ്ദേഹം ഞങ്ങളെ അകത്തേക്കു ക്ഷണിച്ചു. പരസ്പരം പരിചയപ്പെട്ടു. നുണയാൻ പനങ്കൽക്കണ്ടം തന്നു. കഴിക്കാനുള്ള ആഹാരമെല്ലാം അദ്ദേഹം തന്നെയാണ് പാചകം ചെയ്യുന്നതൊക്കെ. സിനിമയുടെ പ്രലോഭനങ്ങളിൽ നിന്നൊക്കെ എപ്പോഴും അകലം പാലിച്ചു നിൽക്കുവാനാണ് അദ്ദേഹത്തിനിഷ്ടം.മധുമുട്ടം എന്ന മനുഷ്യനെ കാണുമ്പോൾ എല്ലാവർക്കും ആദ്യമറിയേണ്ടത് മണിച്ചിത്രത്താഴിനെക്കുറിച്ചു തന്നെയാവും. ഞാനും അതു അതിനെക്കുറിച്ച് തന്നെയാണ് ആദ്യം ചോദിച്ചത്. അതിന്റെ എഴുത്തു പിറന്ന വഴിയെക്കുറിച്ച് ചോദിച്ചപ്പോൾ “ഞാനത്ര വലിയ എഴുത്തുകാരനൊന്നുമല്ല, പിന്നെ എന്റെ ഏകാന്തതയിലെ സന്തോഷത്തിനായി എന്തെല്ലാമോ എഴുതുന്നു. നിങ്ങൾ ചിത്രം വരയ്ക്കുന്നതു പോലെ തന്നെയാണ് ഇതും. പിന്നെ ഞാനെഴുതിയതിൽ ചിലത് സിനിമയ്ക്ക് സ്കോപ്പുണ്ടെന്നു തോന്നിയപ്പോൾ പലരും അവരുടെയുള്ളിലെ കഴിവുകൾ പ്രകടിപ്പിക്കുവാനായി ആ കഥകളുപയോഗിച്ചു. അത് സിനിമയായി പ്രേക്ഷകർക്കു മുന്നിലെത്തിയപ്പോൾ നിങ്ങളെപ്പോലുള്ള യുവതലമുറകൾ പോലും ഇന്നും അതൊന്നു ചർച്ചാവിഷയമാക്കുന്നുവെന്നു മാത്രം അത്രേയുള്ളൂ. അദ്ദേഹത്തിന്റെ ആ എളിമ നിറഞ്ഞ മറുപടി എന്നെ അത്ഭുതപ്പെടുത്തി.”വരുവാനില്ലാരുമിന്നൊരുനാളുമീ വഴിക്കറിയാം അതെന്നാലുമെന്നും… പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതെ മോഹിക്കുമല്ലോ… സാർ എഴുതിയ ഈ വരികൾ എന്തൊക്കെയോ പറയാതെ പറയുന്നുണ്ടല്ലോ. ഈ ഒറ്റയ്ക്കുള്ള ജീവിതം മടുപ്പ് തോന്നുന്നുണ്ടോ??അദ്ദേഹം ചിരിച്ചിട്ടു പറഞ്ഞു. “നമ്മളെല്ലാവരും ഒറ്റയ്ക്കു തന്നെയല്ലേ… എനിക്കു കൂട്ടായി ഞാൻ പോലും എന്നോടൊപ്പമില്ല.. “എന്റെ വീട്, എന്റെ വണ്ടി, എന്റെ അമ്മ, എന്റെ അച്ഛൻ, എന്നൊക്കെ നമ്മൾ പറയാറില്ലേ.. പക്ഷേ “എന്റെ ഞാൻ” എന്ന് എപ്പോഴെങ്കിലും പറയാറുണ്ടോ?? ഇല്ലല്ലോ അപ്പോൾ അതിനർത്ഥം ഞാൻ എനിക്ക് സ്വന്തമല്ല എന്നല്ലേ?? പിന്നെ എന്റെ മുഖം, എന്റെ ശരീരം, എന്റെ കണ്ണുകൾ, എന്നൊക്കെ നമ്മൾ വിശേഷിപ്പിച്ചാലും അതും നമ്മുടെ സ്വന്തമല്ലായെന്നതാണ് സത്യം! അതു കൊണ്ടല്ലേ ശരീരം ഉപേക്ഷിക്കുന്നതിനെ മരണം എന്നു വിളിക്കുന്നത്.അദ്ദേഹത്തിന്റെ ഈ മറുപടി ഞങ്ങളെ പലതും ചിന്തിപ്പിച്ചു. അദ്ദേഹത്തോടൊപ്പമുള്ള സ്വകാര്യസംഭാഷണം ഒരിക്കലും ഇവിടെയൊരു പോസ്റ്റായി ഇടണമെന്നു കരുതിയതല്ല, പക്ഷേ അദ്ദേഹത്തിന്റെ ചിന്തകൾ എത്രത്തോളം ഉയർന്ന തലത്തിലുള്ളതാണെന്നു യാന്ത്രികമായി ജീവിക്കുന്നവരെ ഒരു നിമിഷം ചിന്തിപ്പിച്ചാൽ അതൊന്നു വലിയ കാര്യമാണെന്നു തോന്നിയതു കൊണ്ടാണ് അതിലെ പ്രസക്തമായ ചില കാര്യങ്ങൾ എഴുതാമെന്നു വെച്ചത്.. പ്രകൃതിയും പുരുഷനും സ്ത്രീയും അങ്ങനെ പല വിഷയങ്ങളും അദ്ദേഹം ഞങ്ങളോടു സംസാരിച്ചു. ശബരിമലയിലെ കോലാഹലങ്ങൾ ഉൾപ്പെടെയുള്ള പല കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ അഭിപ്രായം ഞാൻ ചോദിച്ചു. അതിന് അദ്ദേഹം പറഞ്ഞ മറുപടി വളരെ പ്രസക്തമായിരുന്നു.”നമ്മൾ മനുഷ്യർ തന്നെ കുറേ അസത്യങ്ങളുടെ ലോകത്തല്ലേ.. ഓരോ മനുഷ്യർ ജീവിക്കാൻ വേണ്ടി കണ്ടെത്തുന്ന ഓരോരോ കള്ളങ്ങൾ. നിങ്ങൾ പറയൂ സൂര്യൻ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നുണ്ടോ? ഇല്ലായെന്ന് എല്ലാവർക്കുമറിയാമെങ്കിലും സൂര്യൻ ദിവസവും ഉദിക്കുന്നുവെന്നു വിശ്വസിക്കാനാണ് പലർക്കും ഇഷ്ടം. ഇങ്ങനെ എല്ലാ കാര്യങ്ങളും നിങ്ങൾ തന്നെ ചിന്തിച്ചു നോക്കി അതിനു ശരിയായ ഉത്തരം കണ്ടെത്തൂ..!എത്ര മനോഹരമായ മറുപടി..അദ്ദേഹത്തെ പോലൊരു വ്യക്തിത്വത്തെ ഇപ്പോഴെങ്കിലും പരിചയപ്പെടാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യം തന്നെയാണ്..”നിശബ്ദമായ അന്തരീക്ഷമാണിവിടെ പ്രകൃതിയുടെ താളം മാത്രമാണ് എനിക്കിവിടെ കൂട്ട്..

എന്റെ ഏകാന്തതയിലേക്ക് നിങ്ങളെപ്പോലെ ചില അതിഥികൾ വരാറുണ്ട്.. അതെനിക്ക് ഇഷ്ടമാണ്..! ഇത് അദ്ദേഹം പറയുമ്പോൾ അദ്ദേഹം തന്നെ എഴുതിയ വരികളാണ് പെട്ടെന്നെനിക്ക് ഓർമ്മ വന്നത്.. “പതിവായി ഞാനെന്റെ പടിവാതിലെന്തിനോ പകുതിയേ ചാരാറുള്ളല്ലോ…..ഒന്നിനോടും ആർത്തിയില്ലാതെ അദ്ദേഹമിവിടെ സന്തുഷ്ടനായി ജീവിക്കുന്നു. ഒരു 10 മിനിറ്റ് അദ്ദേഹത്തോടൊപ്പം ചിലവഴിക്കണമെന്നാഗ്രഹിച്ചു വന്നതായിരുന്നു പക്ഷേ രണ്ട് മണിക്കൂറുകൾ കടന്നു പോയതറിഞ്ഞില്ല. ഒടുവിൽ വീണ്ടും കാണാൻ വരുമെന്നു പറഞ്ഞ് ഞങ്ങൾ അവിടുന്ന് യാത്ര തിരിച്ചു. അദ്ദേഹത്തിന്റെ വരികൾ തന്നെ കടമെടുത്തു പറയുകയാണെങ്കിൽ..”വഴിതെറ്റി വന്നാരോ പകുതിക്കു വെച്ചെന്റെ വഴിയേ തിരിച്ചു പോകുന്നു… എന്റെ വഴിയേ തിരിച്ചു പോകുന്നു….


Like it? Share with your friends!

102
24 Web Desk

0 Comments

Your email address will not be published. Required fields are marked *