395

കവിളോരത്ത് ഇത്തിരിപ്പൊട്ടിന്റെ വലുപ്പത്തിലൊരു മുഖക്കുരു തലപൊക്കേണ്ട താമസം…അതോടെ തീരും എല്ലാം. പലരുടേയും അന്നുവരെ കെട്ടിപ്പൊക്കിയ സൗന്ദര്യബോധം പളുങ്കുപോലെ ഉടഞ്ഞു വീഴും. ഷാംപുവിലും എണ്ണയിലും സുഖചികിത്സയേറ്റ് പാറിപ്പറന്നു കിടക്കുന്ന മുടിയൊരെണ്ണം കൊഴിഞ്ഞു വീണാലുംമതി, ടെൻഷനോട് ടെൻഷനാണ്. പിന്നെ ഇരിക്കപ്പൊറുതി ഇല്ലാതെ ലേസർ ട്രീറ്റ്മെന്റിലും, ബോട്ടക്സ് ചികിത്സകളിലും തുടങ്ങി പ്ലാസ്റ്റിക് സർജറിയിൽ വരെ അഭയം തേടും. ചിപ്പിക്കുള്ളിലെ മുത്തുപോലെ തങ്ങളുടെ സൗന്ദര്യത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആണും പെണ്ണും എല്ലാം ഒരുപോലെ ഈ ഗണത്തിൽ പെടും. ചുരുക്കി പറഞ്ഞാൽ കൗമാരം കടന്ന് യൗവനത്തിലേക്ക് കാലൂന്നുന്ന ഓരോരുത്തരുടേയും ബ്യൂട്ടി കോൺഷ്യസിന് അവരുടെ തലയെ പോലെ വിലയുണ്ട് എന്നർത്ഥം.

ഇവിടെയിതാ ഒരു പെണ്ണൊരുത്തി സൗന്ദര്യ സങ്കൽപ്പങ്ങളിൽ അഭിരമിക്കുന്നവരുടെ ചിന്തകളെയും ധാരണകളേയും പൊളിച്ചെഴുതുകയാണ്. കൺപീലി വണ്ണത്തിൽ മുഖത്ത് കറുപ്പ് പൊടിഞ്ഞാൽ ഉടയുന്ന സൗന്ദര്യബോധങ്ങൾക്കു നടുവിലേക്ക് ‘മീശപിരിച്ച്’ വരികയാണവൾ. പേരും അത് തന്നെ മീശക്കാരി!

ആണിന്റെ മൂക്കിനു കീഴെ മീശ കണ്ടാൽ ‘ആഹാ’ എന്നും പെണ്ണിന്റെ മുഖത്ത് നാല് രോമം എത്തിനോക്കിയാൽ തന്നെ ‘അയ്യേ.’. എന്നും പറയുന്ന സൗന്ദര്യബോധങ്ങളുടെ കാലത്ത് കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ ഈ ‘മീശക്കാരി’ വേറിട്ടു നിൽക്കുന്നതെങ്ങനെ. ഉത്തരം ഷൈജയെന്ന മീശക്കാരി പറയും.

‘ ഒരു മീശയല്ലേ ചേട്ടാ… മൂക്കിന് കീഴെയുള്ള കുറച്ച് രോമങ്ങൾ അതിന്റെ പേരിൽ എന്തിനാണീ പുകില്? എന്റെ മീശ എന്റെ മേൽവിലാസമാണ്. എന്റെ മറ്റേത് ശരീരഭാഗങ്ങളേയും പോലെ എനിക്ക് പ്രിയപ്പെട്ടതാണ്. അതിന്റെ മേൽ കത്തിവയ്ക്കാൻ തൽക്കാരം താൽപര്യമില്ല. മറ്റുള്ളവരുടെ ‘കത്തി’ മൈൻഡാക്കുന്നതുമില്ല.’– പുഞ്ചിരിയോടെ ഷൈജയെന്ന മീശക്കാരി പറയുന്നു.

സോഷ്യൽ മീഡിയ ഗ്രൂപ്പിൽ നൽകിയ പരിചയപ്പെടുത്തലിൽ നിന്നാണ് ഷൈജയും അവളുടെ മീശയും വിശ്വവിഖ്യാതമാകുന്നത്. കണ്ടമാത്രയിൽ കളിയാക്കാനും കയ്യടിക്കാനും ഒരു കൂട്ടമെത്തി. ഒന്നിനേയും കൂസാക്കാത്ത ഷൈജയുടെ പോസിറ്റീവ് ആറ്റിറ്റ്യൂഡിനെ സോഷ്യൽ മീഡിയ നെഞ്ചേറ്റുമ്പോൾ ഷൈജ വനിത ഓൺലൈൻ വായനക്കാരോട് ഹൃദയം തുറക്കുകയാണ്. സോഷ്യൽ ലോകം ഹൃദയത്തിലേറ്റുവാങ്ങിയ മീശയുടെ കഥ ഇതാ ഇവിടെ തുടങ്ങുന്നു…

വിശ്വവിഖ്യാതമായ മീശ

പൊടിമീശക്കാരിയിൽ നിന്നും കട്ടിമീശയിലേക്കുള്ള ദൂരം. എനിക്കു നേരെ പതിച്ച കളിയാക്കലുകൾക്കും അത്രയേറെ കാലദൈർഘ്യമുണ്ട്. കൗമാരം കടന്ന് യൗവനം തൊട്ടപ്പോഴേ മൂക്കിന് താഴെയുള്ള കറുപ്പ് ശക്തമായി വരവറിയിച്ചു. അന്നു തുടങ്ങിയതാണ് കളിയാക്കലുകൾ, ഇന്നും അത് ഒരു മാറ്റവുമില്ലാതെ തുടർന്നു കൊണ്ടേയിരിക്കുന്നു. കുടുംബക്കാരും ബന്ധുക്കളും ആദ്യമൊക്കെ കളിയാക്കുമായിരുന്നു. എന്റെ അനിയൻ പറയും നീ ആണായിട്ട് ജനിക്കേണ്ടതായിരുന്നു എന്ന്. പിന്നെ പിന്നെ അവർക്ക് മനസിലായി മീശയും ഞാനുമായുള്ള ആത്മബന്ധം. അതോടെ വീട്ടുകാരുടെ വക കളിയാക്കലുകൾ നിന്നു. – ഷൈജ പറഞ്ഞു തുടങ്ങുകയാണ്.

ആൾക്കൂട്ടമാകട്ടെ, കുടുംബത്തിലെ ചടങ്ങുകളാകട്ടെ എവിടെ പോയാലും ആൾക്കാർ മീശയിലേക്ക് തുറിച്ചു നോക്കും. ദേ…മീശ നോക്ക്… പെണ്ണിന് മീശ… അയ്യേ ഇതെന്താ ആണാണോ….എന്നിങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും. പരിഹാസത്തിൽ പൊതിഞ്ഞ കമന്റുകൾ വേറെ. അവരൊടൊക്കെ വിനയത്തോടെ പറയട്ടെ മീശയിരിക്കുന്നത് എന്റെ മുഖത്തല്ലേ അതിൽ നിങ്ങൾക്കെന്താണ് കുഴപ്പം– ‘മീശയിൽ’ ഷൈജ നയം വ്യക്തമാക്കുന്നു.

പിസിഒഡിയും മീശയും തമ്മിൽ?

സ്വയം പരിചയപ്പെടുത്തി കൊണ്ട് ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ചിത്രം കണ്ടാണ് നാലാളറിയുന്നത്. കട്ടിമീശയുള്ള ചിത്രവും മീശക്കാരിയെന്ന എന്റെ ഫെയ്സ്ബുക്ക് പേരും കണ്ടപ്പോഴേ പലർക്കും ചിരിപൊട്ടി. കുറേ പേർ കളിയാക്കലുകൾ കൊണ്ട് കമന്റ് ബോക്സ് നിറച്ചു. പിസിഒഡി പ്രശ്നമുള്ളത് കൊണ്ടാണ് മീശമുളച്ചതെന്ന് വിധിയെഴുതാനും നിരവധി പേരെത്തി. കളിയാക്കുന്നവരോട് പറഞ്ഞത് തന്നെ ആവർത്തിക്കുന്നു, മീശയല്ലേ… അതെന്റെ മുഖത്തല്ലേ… പിന്നെ പിസിഒഡിയുടെ പേരിൽ പൊങ്ങിവന്നതൊന്നുമല്ല കേട്ടോ ആ മീശ. പുരുഷ ഹോർമോണ്‍ ശരീരത്തിൽ കുറച്ചു കൂടുതലാണ് അത്ര തന്നെ. ഇതിനിടയിലും എന്റെ പോസിറ്റീവ് ആറ്റിറ്റ്യൂഡിനെ അഭിനന്ദിച്ച് നിരവധി പേരെത്തി. അവരോടെല്ലാം സ്നേഹം.

ആദ്യമൊക്കെ സുഹൃത്തുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നുമൊക്കെ ആയിരുന്നു കളിയാക്കലുകൾ. സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ മീശക്കാരീ…മീശക്കാരീ… എന്ന വിളി അവിടെ നിന്നായി . ആ വിളിയും കളിയാക്കലുകളും ജീവിതത്തില്‍ കുറേ കേട്ട് തഴമ്പിച്ചിട്ടുള്ളതാണ്. ആ വിളിക്ക് എന്നെയും എന്റെ മീശയേയും തളർത്താനാകില്ല. എന്തെന്നാൽ മീശയെ എനിക്കത്രയ്ക്ക് ഇഷ്ടമാണ്. മറുവശത്ത് ഉപദേശവുമായി എത്തുന്ന കുറേ പേരുണ്ട്, ഇതൊക്കെ മോശമല്ലേ… നാണമില്ലേ… എന്ന മട്ടിൽ കമന്റടിക്കുന്ന ചിലര്‍. എന്റെ ഭർത്താവിനും മകൾക്കും ഇല്ലാത്ത പ്രശ്നം നിങ്ങൾക്കെന്തിനാണ് എന്ന് തിരിച്ചു ചോദിക്കും. ലക്ഷ്മണനെന്നാണ് ചേട്ടന്റെ പേര്, മകൾ അശ്വിക.

നാളിതുവരെ എന്റെ വീട്ടുകാരും മീശയില്‍ ‘കത്തിവയ്ക്കണമെന്ന്’ ഉപദേശിച്ചിട്ടില്ല. അങ്ങനെയുള്ളപ്പോൾ ഞാനെന്തിനാണ് മറ്റുള്ളവർ പറയുന്നത് കേൾക്കുന്നത്. ചിലരൊക്കെ മീശയിൽ വന്നു പിടിച്ചു നോക്കാറുണ്ട്. നല്ല കട്ടിയുണ്ട് എന്റെ മീശയ്ക്ക്… ആരെങ്കിലും പിടിച്ച് കൊഴിഞ്ഞെങ്ങാനും പോയാൽ ഭയങ്കര വിഷമമാണ്.

മീശ നീണാൾ വാഴട്ടെ

പുതിയ കാലത്തെ സൗന്ദര്യ സങ്കൽപങ്ങളെ കുറിച്ചും മേക്കപ്പ് രീതികളെക്കുറിച്ചും ഏതൊരു പെണ്ണിനേയും പോലെ തന്നെ എനിക്ക് ബോധമുണ്ട്. ലേസര്‍ ട്രീറ്റ്മെന്റ് പോലുള്ള സങ്കേതങ്ങൾ ഉപയോഗിച്ച് മീശ ഒഴിവാക്കാം എന്നു വരെ പലരും ഉപദേശിക്കാറുണ്ട്. പക്ഷേ… മീശയിൽ തൊട്ടുകളിക്കാൻ മാത്രം മനസ് മാറിയിട്ടില്ല. ജീവിതത്തില്‍ ഒരുപാട് തവണ ആശുപത്രിയില്‍ കയറിയിറങ്ങിയവളാണ് ഞാൻ. യൂട്രസ് ഓപ്പറേഷന് വരെ വിധേയയായി. അടുത്തിടെ ഒരു ഓപ്പറേഷന് ചെന്നപ്പോൾ ഡോക്ടർ തമാശയായി പറഞ്ഞു, ഓപ്പറേഷനിടെ നിന്റെ മീശയെടുക്കുമെന്ന്. മീശയെടുത്താൽ ആ നിമിഷം ഞാൻ കെട്ടിത്തൂങ്ങും ഡോക്ടറേ എന്ന് ഞാനും തിരിച്ചടിച്ചു. മീശ മാത്രം തൊടാൻ ഞാൻ സമ്മതിക്കില്ല. അതാണ് എന്റെ നിലപാട്– ഷൈജ പറഞ്ഞു നിർത്തി.


Like it? Share with your friends!

395
Seira

0 Comments

Your email address will not be published. Required fields are marked *