മൂന്നര പതിറ്റാണ്ടിന് ശേഷം ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ പൊളിച്ചെഴുതപ്പെട്ടിരിക്കുന്നു. അഞ്ചാം ക്ലാസ്സ് വരെ മാതൃഭാഷയിൽ വിദ്യാഭ്യാസം നൽകണം എന്നതടക്കം നിരവധി മാറ്റങ്ങളാണ് കേന്ദ്രമന്ത്രി സഭ പാസാക്കിയത്. 5+3+3+4 എന്ന പേരിലുള്ള പുതിയ പാഠ്യപദ്ധതി നിരവധി കയ്യടികളും വിമർശനങ്ങളും ഉയർത്തുന്നുണ്ട്. മൂന്നു മുതൽ എട്ടു വയസു വരെയുള്ള കുട്ടികൾ ഉൾപ്പെടുന്ന വിഭാഗമെന്നത്, അംഗൻവാടി അല്ലെങ്കിൽ പ്രീസ്കൂൾ മുതൽ രണ്ടാം ക്ലാസ് വരെയാണ്. ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികളെ അക്ഷരങ്ങളിലും വാക്കുകളിലും ബോധവാന്മാരാക്കുക എന്ന പഠന ശൈലിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
രണ്ടാംഘട്ടത്തിൽ 8 മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികളെ, മൂന്നുമുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകളിലേക്കാണ് പരിഗണിക്കുന്നത്. മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ 11 മുതൽ 14 വയസ്സു വരെയുള്ള കുട്ടികളാണ് ഉൾപ്പെടുന്നത്. 14 വയസിനും 18 വയസിനും ഇടയിൽ ഉൾപ്പെടുന്നവർ പഠിക്കേണ്ടത് 9 മുതൽ 12 വരെ ഒന്നിപ്പിച്ച ക്ലാസു്കളുടെ വിഭാഗത്തിലാണ്. മറ്റു മാറ്റങ്ങൾ വിശകലനം ചെയ്താൽ, പ്ലസ്ടു ബോർഡ് എന്ന ഘടകം തുടരുമെങ്കിലും വ്യത്യസ്തമായ സ്വഭാവമായിരിക്കും പ്രകടിപ്പിക്കുക. എല്ലാ ബിരുദവും നാലുവർഷത്തെ കോഴ്സുകളാക്കി മാറ്റിയിട്ടുണ്ടെങ്കിലും ഏതു വർഷം വേണമെങ്കിലും വിദ്യാർത്ഥിക്ക് കോഴ്സ് അവസാനിപ്പിക്കാവുന്നതാണ്. ആദ്യവർഷം അവസാനിപ്പിച്ചാൽ തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ്, രണ്ടാംവർഷക്കാർക്ക് ഡിപ്ലോമ, മൂന്നാം വർഷം ബിരുദം, നാലാം വർഷം ഗവേഷണാഷ്ഠിതം എന്നിങ്ങനെ സർട്ടിഫിക്കറ്റ് ലഭ്യമാക്കും. കൂടാതെ സർവ്വകലാശാല പ്രവേശനത്തിന് പൊതുപരീക്ഷയാക്കി മാറ്റിയതും പ്രസക്ത ഭാഗമാണ്. അഞ്ചാം ക്ലാസ്സ് വരെ വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണം എന്ന നയത്തിനൊപ്പം, മൂന്ന് അഞ്ച്, എട്ട് ക്ലാസുകളിൽ നിർബന്ധിത പരീക്ഷകളും നടത്തും. അധ്യാപന മേഘല പരിശോധിച്ചാൽ ബിഎഡ് യോഗ്യത ബിരുദം നാലു വർഷത്തേക്ക് ഒന്നിപ്പിച്ച് ഇന്റഗ്രേറ്റായി മാറ്റുന്നു. മാനവശേഷി മന്ത്രാലയം ഇനി വിദ്യാഭ്യാസ മന്ത്രാലയം എന്ന പേരിൽ അറിയപ്പെടും. ലോകത്തിലെ മറ്റു സർവകലാശാലകളെ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്കൊപ്പം 10വർഷം കൊണ്ട് ഘട്ടം ഘട്ടമായ് പദ്ധതി നിലവിൽ വരുത്താനാണ് ശ്രമം. ഈ പദ്ധതിയിൽ സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ കേന്ദ്രം പരിഗണിക്കുന്നുമുണ്ട്.
വിദ്യാഭ്യാസരംഗത്ത് വൻ പൊളിച്ചെഴുത്ത്. മാറ്റം പത്ത് വർഷംകൊണ്ട് നടപ്പിലാക്കും.

0 Comments