193

ഇന്ത്യയില്‍ കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങി. 18 മുതല്‍ 55 വയസുവരെ പ്രായമുള്ള 375 പേരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുന്നത്. രാജ്യത്ത് പന്ത്രണ്ട് ഇടങ്ങളിലാണ് പരീക്ഷണം പുരോഗമിക്കുന്നത്. ഭാരത് ബയോടെകും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും സംയുക്തമായി നിര്‍മിച്ച കൊവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറലാണ് അനുമതി നല്‍കിയത്.

എന്താണ് കൊവാക്‌സിന്‍…?

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ( ഐസിഎംആര്‍) കീഴിലുള്ള ഭാരത് ബയോടെക്കും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമാണ് കൊവിഡിനെതിരെ ‘കൊവാക്‌സിന്‍’ എന്ന പ്രതിരോധ മരുന്ന് വികസിപ്പിച്ചിട്ടുള്ളത്. കൊവിഡ് 19 വൈറസില്‍ നിന്നുള്ള ഘടകങ്ങള്‍ ഉപയോഗിച്ചാണ് കൊവാക്‌സിന്‍ വികസിപ്പിച്ചിട്ടുള്ളത്. നിര്‍ജീവമായ കൊവിഡ് വൈറസുകളുടെ ഘടകങ്ങള്‍ ഉപയോഗിച്ചാണ് കൊവാക്‌സിന്‍ രൂപപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവാക്‌സിന് കുത്തിവച്ചാല്‍ എന്തുസംഭവിക്കും

ഒരു ഡോസ് കൊവാക്‌സിന്‍ മനുഷ്യ ശരീരത്തില്‍ കുത്തിവച്ചാല്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ശക്തമാകുമെന്നാണ് വിലയിരുത്തല്‍. നിര്‍ജീവമായ കൊവിഡ് വൈറസ് ഘടകങ്ങള്‍ ഉപയോഗിച്ചുള്ള മരുന്നാണ് കൊവാക്‌സിന്‍. അതിനാല്‍ തന്നെ ഇത് ശരീരത്തില്‍ കുത്തിവയ്ക്കുന്നതു വഴിയായി മനുഷ്യശരീരത്തില്‍ കൊവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികള്‍ രൂപപ്പെടുമെന്നാണ് വിലയിരുത്തല്‍.

വിവിധ ഘട്ടങ്ങള്‍

വിവിധ ഘട്ടങ്ങളായാണ് കൊവാക്‌സിന്‍ പരീക്ഷണം നടക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 375 പേരിലാണ് കൊവാക്‌സിന്‍ പരീക്ഷിക്കുന്നത്. അതില്‍ 100 പേര്‍ എയിംസില്‍ നിന്നുള്ളവരാണ്. 18 വയസിനും 55 വയസിനും ഇടയിലുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരീക്ഷണം നടത്തുന്നത്. രണ്ടാം ഘട്ടം 12 മുതല്‍ 65 വയസ് വരെയുള്ള 750 പേരിലും.

മരുന്ന് പരീക്ഷണത്തില്‍ പങ്കാളിയാകാം

കൊവാക്‌സിന്‍ മരുന്ന് ശരീരത്തില്‍ പരീക്ഷിക്കാന്‍ സന്നദ്ധരായുള്ളവര്‍ക്ക് എയിംസുമായി ബന്ധപ്പെടാം. [email protected] എന്ന ഇ മെയില്‍ വിലാസത്തിലോ 7428847499 എന്ന നമ്പരില്‍ വിളിച്ചോ സന്നദ്ധത അറിയിക്കാം. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്കാണ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ  24 TimeMedia


Like it? Share with your friends!

193
Seira

0 Comments

Your email address will not be published. Required fields are marked *