243

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ സംസ്‌കാരം ഇന്ന് നടത്തിയേക്കില്ല. ആരോപണ വിധേയരായ വനപാലകര്‍ക്കെതിരെ നടപടി എടുത്തതിന് ശേഷമെ സംസ്‌കാരം നടത്തുകയുള്ളുവെന്നാണ് കുടുംബത്തിന്റെ നിലപാട്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് മത്തായിയുടെ ഭാര്യ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

കേസില്‍ വനം വകുപ്പിന്റേയും പൊലീസിന്റേയും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം മത്തായിയുടേത് ആത്മഹത്യയാണെന്നാണ് വനംവകുപ്പിന്റെ നിലപാട്. തെളിവെടുപ്പിനിടെ മത്തായി കിണറ്റില്‍ ചാടുകയായിരുന്നെന്നാണ് മഹസര്‍ റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മത്തായിയുടെ മരണത്തെക്കുറിച്ച് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയെന്ന് കണ്ടെത്തിയത്. സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍ ചെയര്‍മാനായ പ്രത്യേക സംഘമാണ് വകുപ്പുതല അന്വേഷണം നടത്തിയത്.

മത്തായിയുടേത് മുങ്ങിമരണമെന്ന് പരാമര്‍ശിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ശരീരത്തിലുള്ളത് വീഴ്ചയിലുണ്ടായ മുറിവുകള്‍ മാത്രമെന്നും ബല പ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലായെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ആന്തരികാവയവങ്ങള്‍ പരിശോധയ്ക്ക് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ സ്വന്തം ഫാമിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെട്ട മത്തായി കിണറ്റിലേക്ക് ചാടിയെന്നായിരുന്നു വനം വകുപ്പ് വിശദീകരണം. അതേസമയം കസ്റ്റഡിയിലുള്ള ആളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ വനം വകുപ്പ് വീഴ്ച വരുത്തിയെന്ന ആരോപണം ശക്തമാകുകയാണ്.


Like it? Share with your friends!

243
meera krishna

0 Comments

Your email address will not be published. Required fields are marked *