514

‘ന്നാ താൻ കേസ്‌ കൊട്‌’ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവായ സന്തോഷ് ടി കുരുവിള നിര്‍മ്മിച്ച് രാജേഷ് മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ അനൗൺസ്മെന്‍റ് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍റേയും നിർമ്മാതാവിന്‍റേയും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലൂടെയാണ് ‘പെണ്ണും പൊറാട്ടും’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ പോസ്റ്റർ പുറത്തുവന്നിരിയ്ക്കുന്നത്.

‘മഹേഷിന്‍റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ വേഷം ചെയ്തു കൊണ്ട് സിനിമാ രംഗത്തേയ്ക്ക് പ്രവേശിച്ച രാജേഷ് മാധവൻ നിരവധി ഹിറ്റ് ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായും കാസ്റ്റിംഗ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്‌. അഭിനയരംഗത്ത്‌ ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഒരു നടൻ എന്നതിലുപരി,‌ ‘ന്നാ താൻ കേസ് കൊട്‘ എന്ന ചിത്രത്തിൽ പുതുമുഖങ്ങളെ അണിനിരത്തി വൻവിജയം കൈവരിച്ചതിനു പിന്നിൽ പ്രവർത്തിച്ച പരിചയ സമ്പന്നനായ കാസ്റ്റിംഗ് ഡയറക്ടർ കൂടിയാണ്‌ ശ്രീ രാജേഷ് മാധവൻ. അദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യ സിനിമ കൂടിയാണ് ‘പെണ്ണും പൊറാട്ടും’.

മലയാളത്തിലെ നിരവധി ബോക്സ് ഓഫീസ് ഹിറ്റുകളുടേയും മികച്ച അംഗീകാരങ്ങൾ ലഭിച്ച ചിത്രങ്ങളുടേയും നിർമ്മാതാവാണ് സന്തോഷ് ടി. കുരുവിള. ഡാ തടിയാ, മഹേഷിന്‍റെ പ്രതികാരം, മായാനദി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ആർക്കറിയാം തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയാണ് ഇദ്ദേഹം. മോഹൻലാൽ ചിത്രമായ ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ സഹനിർമ്മാതാവായിരുന്ന സന്തോഷ് ടി. കുരുവിള പതിനാലോളം സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. പ്രവാസി വ്യവസായിയും നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളുടേയും ഭാഗമായ ഇദ്ദേഹം ഒട്ടേറെ പുതുമുഖങ്ങളെ അഭിനയ രംഗത്തും സംവിധാന രംഗത്തും സിനിമയിലെ മറ്റ് ഒട്ടനേകം മേഖലകളിലും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്.

‘പെണ്ണും പൊറാട്ടും’ എന്ന ചിത്രത്തിന്‍റെ രചന ശ്രീ രവിശങ്കറാണ് നിർവ്വഹിച്ചിട്ടുള്ളത്. ഭീഷ്മപർവ്വം, റാണി പദ്മിനി എന്നീ ചിത്രങ്ങളുടെ കോറൈറ്റർ കൂടിയായിരുന്നു. അദ്ദേഹം. സബിൻ ഉരാളുകണ്ടിയാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. സീ യു സൂൺ എന്ന ഒ.ടി. ടി. ട്രെൻഡിംഗ് സിനിമയുടെ സിനിമട്ടോ ഗ്രാഫറായ ഇദ്ദേഹം മാലിക്ക്, ബദായി ഹോ, ശ്യാം സിംഘ് റോയ്, ആർക്കറിയാം എന്നീ ചിത്രങ്ങളുടെ ഭാഗമായിരുന്നു.

‘പെണ്ണും പൊറാട്ടും’ പാലക്കാടൻ ഗ്രാമീണപശ്ചാത്തലത്തിലുള്ള ഒരു കോമഡി ഡ്രാമയാണ്. ഈ ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുന്നതാണെന്ന് അണിയറപ്രവർത്തകര്‍ അറിയിച്ചു. പി ആര്‍ ഒ മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്‌: സ്നേക്ക്‌ പ്ലാന്റ്‌.


Like it? Share with your friends!

514
Editor

0 Comments

Your email address will not be published. Required fields are marked *