ചിത്രലോകത്ത് അതിശയിപ്പിക്കുന്ന കഴിവുമായ് വർണ തമ്പിയെന്ന പ്ലസ്ടുക്കാരി പെൺകുട്ടി ശ്രദ്ധനേടുന്നു!. ആരാധികേ.. എന്ന മനോഹര ഗാനത്തിൽ അമ്പിളി(സൗബിൻ ഷാഹിർ) തന്റെ കാമുകി ടീനയെ തോളത്തെടുക്കുന്നതും, കോശി അയ്യപ്പനെ വെല്ലുവിളിക്കുന്നതും, അകാലത്തിൽ നമ്മളിൽ നിന്ന് വേർപിരിഞ്ഞു പോയ ഇർഫാൻ ഖാന്റെ ചിരിയുമൊക്കെ മലയാളി മനസ്സുകളിൽ മായാതെ കിടക്കുന്ന ഫ്രയ്മുകളാണ്. ഈ മനോഹര രംഗങ്ങളെ തന്റെ കഴിവുകൊണ്ട് വ്യത്യസ്തമായി ദൃശ്യാവിഷ്കരിച്ചിരിക്കുകയാണീ കൊച്ചുമിടുക്കി. കൊല്ലംകാരിയായ വർണ, ശ്രീനാരായണ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്. ചെറുപ്പത്തിലെ മുതൽ വരയിൽ കഴിവ് പ്രകടിപ്പിച്ചതിന് നിരവധി പുരസ്കാരങ്ങളും നേടിയെടുത്തിട്ടുണ്ട്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാളക്കരയിൽ തരംഗം സൃഷ്ടിച്ച കരിക്കെന്ന വെബ് സീരീസിലെ ബാബു നമ്പൂതിരിയെ വരച്ചപ്പോൾ, സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ സീരീസിൽ തന്നെ അഭിനയിക്കുന്ന ഉണ്ണി, ആനന്ദ് മാത്യൂസ്, അർജുൻ തുടങ്ങിയവർ ഈ ഫോട്ടോ ലൈക്ക് ചെയ്തിട്ടുമുണ്ട്. വർണയുടെ ഇൻസ്റ്റഗ്രാം പേജിലേക്ക് കടന്നുചെന്നാൽ, സുഹൃത്തുക്കളുടെ മുതൽ ഈ അടുത്ത കാലത്ത് ഒരു വേദനയായി കടന്നുപോയ സുശാന്ത് സിംഗ് അടക്കമുള്ള നിരവധി കലാകാരന്മാരുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങളും കാണാൻ സാധിക്കും. മാർക്കറുകളും, പെൻസിലുകളും കൊണ്ട് മനോഹരമായി വരക്കുന്ന ചിത്രങ്ങൾ, ഈ ചെറിയ പ്രായത്തിൽ തന്നെ വർണയുടെ ഉള്ളിലുള്ള പ്രതിഭയെയാണ് വെളിവാക്കുന്നത്. പ്രധാനമായും ബാബു നമ്പൂതിരിയുടെ ചിത്രം ആ കഥാപാത്രത്തെ അവതരിപ്പിച്ച അനു കെ അനിയൻ എന്ന കലാകാരന്റെ ശ്രദ്ധയിൽ എത്തണമെന്നതാണ് വർണയുടെ ആഗ്രഹം. വർണ്ണ എന്ന പേരുപോലെ തന്നെ വർണ്ണങ്ങളുടെ ലോകത്ത് ഒരു ചിത്രശലഭത്തിന്റെ മനോഹാരിതയോടെ പറന്നുയരാൻ സാധിക്കട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കാം. ഒപ്പം സോഷ്യൽ മീഡിയയിലൂടെ ഈ അനുഗ്രഹീത കലാകാരിക്ക് നല്ലൊരു പിന്തുണയും നൽകാം




0 Comments