267

വുഹാനില്‍നിന്ന് കോവിഡ് യാത്ര പുറപ്പെട്ടില്ലായിരുന്നെങ്കില്‍ ‘ബാലാജി കോഫി ഹൗസി’ലെ ‘മാമു’വും ‘മായി’യും മദ്രാസിലേക്കല്ല, റഷ്യയൊന്നു ചുറ്റിയടിച്ചു വന്നേനെ.സെയ്ന്റ് പീറ്റേഴ്സ് ബര്‍ഗിന്റെയും മോസ്‌കോയുടേയും ക്രെംലിന്‍ കൊട്ടാരത്തിന്റെയുമെല്ലാം കഥകള്‍ പറഞ്ഞ് ചായയടിച്ചേനെ. നാട്ടുകാര്‍ക്ക്,’സോവിയറ്റ് നാട്ടിലേക്ക്’ ചായയും പരിപ്പുവടയും കഴിച്ച് സുഖായിട്ട് പോയിവരാമായിരുന്നു.

ചായവിറ്റ കാശുകൊണ്ട് ലോകം ചുറ്റിയവരാണ് എറണാകുളം ഗാന്ധിനഗറിലെ കെ.ആര്‍. വിജയനും (69) മോഹന(68)യും. പക്ഷേ, കോവിഡും ലോക്ഡൗണും അവരുടെ യാത്രാസ്വപ്നങ്ങള്‍ക്ക് പൂട്ടിട്ടു. അടച്ചുപൂട്ടല്‍ ദിനങ്ങളില്‍ പിന്നിട്ട യാത്രാവഴികളെയും സ്വപ്നങ്ങളെയും അവര്‍ വാക്കുകളിലേക്ക് പകര്‍ത്തി. ആറ് ഭൂഖണ്ഡങ്ങളിലായി കണ്ട 25 രാജ്യങ്ങളുടെ കാഴ്ചകളും അനുഭവങ്ങളും.

പുസ്തകത്തില്‍ നിറഞ്ഞു: ‘ചായ വിറ്റ് വിജയന്റെയും മോഹനയുടെയും ലോകസഞ്ചാരങ്ങള്‍…’ ആദ്യ വിദേശയാത്ര പതിമൂന്ന് വര്‍ഷംമുമ്പ്. കണ്ടുതീര്‍ത്ത നാടുകളുടെ വിശേഷങ്ങളാണ് പുസ്തകത്തില്‍. കൊങ്കണി സമുദായക്കാരായ വിജയനും മോഹനയും ചായക്കടയിലെത്തുന്നവര്‍ക്കൊക്കെ ‘മാമു’വും ‘മായി’യുമാണ്.

”പണ്ട് ‘സോവിയറ്റ് നാട്’ വായിച്ചപ്പോഴുള്ള ആഗ്രഹമാണ് റഷ്യ കാണണംന്ന്. ഫെബ്രുവരിയില്‍ കാശ് കൊടുക്കാന്‍ ചെന്നപ്പോഴാണ് ട്രാവല്‍ ഏജന്‍സിക്കാര്‍ പറയുന്നത് അടുത്തെങ്ങും നടക്കുമെന്ന് തോന്നണില്ലാ എന്ന്.” -കൈയില്‍ കരുതിയ രണ്ടുലക്ഷം രൂപ ട്രാവല്‍ ഏജന്‍സിയിലേല്‍പ്പിച്ച് വിജയനാഥ പ്രഭു തിരിച്ചുനടന്നു. കഴിഞ്ഞ ഓസ്ട്രേലിയ-ന്യൂസീലന്‍ഡ് യാത്രയുടെ കടമാണത്. സ്ഥിരം യാത്രക്കാരായതുകൊണ്ട് കിട്ടിയ ‘ക്രെഡിറ്റ്’.

”കോവിഡൊക്കെ കഴിഞ്ഞാല്‍ അപ്പോത്തന്നെ പുറപ്പെടും റഷ്യയ്ക്ക്. ചമ്മന്തിപ്പൊടിയും അച്ചാറുമൊക്കെയെടുത്ത്.എല്ലായിടത്തും ഏതെങ്കിലും രൂപത്തില്‍ ചോറുകിട്ടും. അച്ചാറോ ചമ്മന്തിപ്പൊടിയോ കൂട്ടി ഒരു പിടിപിടിച്ചാല്‍ കുശാല്‍. എനിക്ക് വെജിറ്റേറിയനേ പറ്റു” എന്ന് വിജയന്‍. ”എനിക്കങ്ങനെ നിര്‍ബന്ധമൊന്നുമില്ലെ” ന്ന് മോഹന.

യാത്രകളുടേയും ജീവിതത്തിന്റെയും ഫിനാന്‍സ് മാനേജര്‍ മോഹനയാണ്. ഗൗഡ സാരസ്വതരുടെ പലഹാരങ്ങളായ പത്രവട’യുടെയും ‘അമ്പോട’യുടെയും രുചി കൂടെയുണ്ടാകും. എവിടെയായാലും കഴിവതും മുണ്ടും സാരിയുമാണ് ഇവരുടെ വേഷം.

.


Like it? Share with your friends!

267
meera krishna

0 Comments

Your email address will not be published. Required fields are marked *