341

പ്രിയപ്പെട്ട മഞ്ജു വാര്യരും സൗബിൻ ഷാഹിറും അറിയാൻ ഒരു തുറന്ന കത്ത്. മഞ്ജു ചേച്ചി, സൗബിക്കാ -മനീഷ് കുറുപ്പ് എന്നാണ് എന്റെ പേര്. കഴിഞ്ഞ 10 വർഷമായി തമിഴിലും മലയാളത്തിലുമായി അസിസ്റ്റന്റ് ഫിലിം എഡിറ്റർ, ഫിലിം എഡിറ്റർ എന്നീ ജോലികളുമായി സിനിമാ മേഖലയിൽ ഉള്ളയാളാണ്. സിനിമ സംവിധാനം ചെയ്യണം എന്ന സ്വപ്നവുമായി 4 വർഷം മുൻപ് സ്ക്രിപ്റ്റുമായി പ്രൊഡ്യൂസറെ മീറ്റ് ചെയ്തപ്പോൾ അവർക്ക് എന്റെ സ്ക്രിപ്റ്റ്‌ വേണം, പക്ഷെ മനീഷ് കുറുപ്പെന്ന ഡയറക്ടറെ ആവശ്യമില്ല. എന്റെ സംവിധാനത്തിലുള്ള എക്സ്പീരിയൻസ് ഇല്ലായ്‌മയാണ് കാരണമായി പറഞ്ഞത്. അങ്ങനെ പ്രൊഡ്യൂസറെ വിശ്വസിപ്പിക്കുന്നതിനായി ഒരു സിനിമ സംവിധാനം ചെയ്യാൻ ഞാൻ തീരുമാനിച്ചു. ‘വെള്ളരിക്കാപ്പട്ടണം’ എന്ന പേരിൽ 2018ൽ സൗത്ത് ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ (GUILD) സിനിമ രജിസ്റ്റർ ചെയ്തു. ആ വർഷം തന്നെ സിനിമയിലെ ഒരു പാട്ടും ചിത്രീകരിച്ച് റിലീസ് ചെയ്തു. പാട്ട് വൈറലായി. അതിൽ നിന്നും ലഭിച്ച ഒരു ചെറിയ വരുമാനത്തിൽ സിനിമയുടെചിത്രീകരണവും ആരംഭിച്ചു.ക്യാമറയ്ക്കു പിന്നിൽ ഞാനടക്കം വെറും 4 പേരാണ് ഷൂട്ടിൻ്റെ ഏറിയ പങ്കും ഉണ്ടായിരുന്നത്. ഒരു ഷോർട്ട് ഫിലിം ചിത്രീകരണത്തിൽ പോലും 15 പേർക്ക് മുകളിൽ ഉണ്ടാവുമെന്നറിയാമല്ലൊ. അപ്പോഴാണ് ഞാനുൾപ്പെടെ 4 പേർ ചേർന്നുള്ള ഷൂട്ട്. മേക്കപ്പും സിനിമാട്ടോഗ്രാഫിയും ഒഴികെ എല്ലാ ജോലികളും ഞാൻ ഒറ്റയ്ക്കാണ് നിർവ്വഹിച്ചിരിക്കുന്നത്. സാമ്പത്തികമായും ഒരുപാട് യാതനകൾ അനുഭവിച്ചാണ് സിനിമ മുമ്പോട്ടു പോയത്. 2018ൽ വെള്ളരിക്കാപ്പട്ടണം സിനിമയുടെ ടീസർ റിലീസ് ചെയ്തിരുന്നു. ഏറെ കോളിളക്കമുണ്ടാക്കിയ കുട്ടികളുടെ ക്രിസ്തുമസ് കരോൾ ടീസർ മതവെറിയന്മാരുടെ ബഹളത്തേതുടർന്ന് പിൻവലിക്കേണ്ടിവന്നു. ആ വർഷത്തെ പ്രളയത്തിൽ ആലപ്പുഴയ്ക്ക് സമീപം ഞങ്ങൾ ഒരുക്കിയ സെറ്റ് തകർന്നു. വീണ്ടും അങ്ങനെയൊന്ന് ഉണ്ടാക്കിയെടുക്കാൻ സാമ്പത്തികമായി കഴിയാതെ വന്നപ്പോൾ വെള്ളരിക്കാപ്പട്ടണത്തിന്റെ സ്ക്രിപ്റ്റ് മാറ്റിയെഴുതി. 2020ൽ സർക്കാർ സബ്സിഡിയോടെ ഷൂട്ട് വീണ്ടും ആരംഭിച്ചപ്പോഴാണ് കോറോണ ദുരന്തമായി എന്റെ വെള്ളരിക്കാപ്പട്ടണത്തിന് നേരെ വന്നത്. ലോക്ക് ഡൗൺ മാറാൻ പിന്നെയും കാത്തിരിക്കുമ്പോഴാണ് ചേച്ചിയും സൗബിക്കയും അഭിനയിക്കുന്ന സിനിമയ്ക്ക് വെള്ളരിക്കാപ്പട്ടണം എന്നു പേരിട്ടതായി അറിയിപ്പ് വരുന്നത്.എങ്ങനെയാണ് ഞാൻ രജിസ്റ്റർ ചെയ്ത്, വർഷാവർഷം പുതുക്കുന്ന വെള്ളരിക്കാപ്പട്ടണം എന്ന പേര് നിങ്ങൾക്ക് ലഭിച്ചത്? അതിലുപരി എന്റെ മനസ്സിൽ തോന്നിയത് മറ്റൊന്നാണ്.ഒരു ഷോർട്ട് ഫിലിമിന് പേരിടുമ്പോൾ പോലും ഗൂഗിളിലും യൂട്യുബിലും പരിശോധിച്ച് ആ പേരിൽ മറ്റൊന്നില്ലെന്ന് പിന്നണിക്കാർ ഉറപ്പിക്കാറുണ്ട്. വെള്ളരിക്കാപ്പട്ടണം എന്ന് സേർച്ച്‌ ചെയ്‌താൽ നസീർ സാർ അഭിനയിച്ച പഴയ സിനിമയും എന്റെ വെള്ളരിക്കാപ്പട്ടണത്തിലെ രണ്ടു പാട്ടുകളും നമുക്ക് മുമ്പിൽ തെളിയും. ഇതൊന്നും നോക്കാതെ എങ്ങനെയാണ് ഇത്ര അലക്ഷ്യമായി ഒരു പേരിടുക? അതും മഞ്ജുചേച്ചിയെയും സൗബിക്കായെയും പോലുള്ള താരങ്ങളെ വച്ച്!ഒരു തവണ മഞ്ജുചേച്ചി വഴി ഈ വിഷയം ഡയറക്ടർ മഹേഷ്‌ വെട്ടിയാറിനെ അറിയിച്ചതാണ്. അദ്ദേഹം പറഞ്ഞത് “അദ്ദേഹത്തിന്റെ സിനിമ വലുതും ഇന്റർനാഷണൽ ലെവലിൽ ഉള്ളതുമാണ്, അതുകൊണ്ട് പേരു മാറ്റാൻ കഴിയില്ല. എൻ്റെ സിനിമ ചെറുതായതുകൊണ്ട് വെള്ളരിക്കാപ്പട്ടണം എന്ന പേര് ഞാൻ മാറ്റണം ” എന്നാണ്. പാട്ടും റിലീസ് ചെയ്ത് ടൈറ്റിൽ ഗ്രാഫിക്സും കഴിഞ്ഞ് റിലീസിന് തയ്യാറെടുക്കുന്ന ഞങ്ങൾ എങ്ങനെ പേരു മാറ്റണമെന്നാണ് പറയുന്നതെന്ന് മനസ്സിലാകുന്നില്ല. സിനിമയുമായി OTT, ചാനൽ പ്ലാറ്റ്ഫോമുകളെ സമീപിക്കുമ്പോൾ അവർ മഞ്ജുച്ചേച്ചിയുടെ സിനിമയെ പറ്റിയാണ് പറയുന്നത്. എനിക്ക് എന്തു ചെയ്യണമെന്ന് ഒരു പിടിയും കിട്ടുന്നില്ല. കയ്യിലെ സമ്പാദ്യങ്ങളെല്ലാമെടുത്തും സുഹൃത്തുക്കളിൽ നിന്നും മറ്റും കടം വാങ്ങിയുമാണ് ഈ സിനിമ തീർത്തത്. എന്നോടുള്ള വിശ്വാസത്തിൽ പണം തന്നവർക്ക് തിരിച്ചു കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ മനീഷ് കുറുപ്പെന്ന മനുഷ്യന് ജീവിക്കാൻ അർഹതയില്ലാതാകും. ഇതുവരെയുള്ള ജീവിതത്തിന്റെ ഏറിയ ഭാഗവും സിനിമയ്ക്കായി മാറ്റിവെച്ച എനിക്ക് ഇന്നും എന്റെ മനസ്സിലുള്ള യഥാർത്ഥ സിനിമയിലേക്ക് എത്താൻ സാധിച്ചിട്ടില്ല. എന്നെ വിശ്വസിച്ചു ജീവിക്കുന്ന ഒരു കുടുംബമുണ്ട്. വെള്ളരിക്കാപ്പട്ടണം എന്ന എന്റെ ഈ സിനിമ റിലീസ് ചെയ്തിട്ടു വേണം യഥാർത്ഥ സ്വപ്നത്തിലേക്ക് എത്താൻ. അതിനിടയിലാണ് ഷൂട്ടു പോലും ആരംഭിക്കാത്ത, മഞ്ജുച്ചേച്ചിയും സൗബിക്കായും അഭിനയിക്കുന്ന സിനിമയുടെ പേര് എന്നെ വലച്ചത്. നിങ്ങൾ ആരെങ്കിലും ഈ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ എന്റെ അവസ്ഥ വളരെ പരിതാപകരമായി മാറും.സൗബിക്കായെ നായകനാക്കിയുള്ള സിനിമ പ്ലാൻ ചെയ്താണ് 4 വർഷം മുൻപ് ഞാൻ പ്രൊഡ്യൂസറെ കണ്ടത്. അന്ന് സ്ക്രിപ്റ്റ്‌ എഴുതാനും ഇംപ്രൊവൈസ് ചെയ്യാനുമായി അദ്ദേഹത്തിന്റെ സ്ഥലത്ത് മാസങ്ങളോളം താമസിപ്പിക്കുകയുമുണ്ടായി. എൻ്റെ സ്ക്രിപ്റ്റ് അവർ സ്വീകരിച്ചു. സൗബിന് പകരം മറ്റൊരു നായകനെയും എനിക്കു പകരം മറ്റൊരു സംവിധായകനെയും നിർദ്ദേശിക്കുന്ന നില വന്നപ്പോൾ ഞാൻ അയാളുടെ സ്ഥലത്തുനിന്നും ഇറങ്ങിപോകുകയാണ് ഉണ്ടായത്. അങ്ങനെയാണ് സംവിധാനത്തിൽ എക്സ്പീരിയൻസ് തെളിയിക്കാൻ വെള്ളരിക്കപ്പട്ടണം എന്ന സിനിമയുമായി ഞാൻ ഇറങ്ങിയത്. നിങ്ങൾ രണ്ടുപേരും വിഷയത്തിൽ ഇടപെടും , എന്നെ സഹായിക്കും എന്ന വിശ്വാസത്തോടെ,മനീഷ് കുറുപ്പ്Director VELLARIKKAPATTANAM98479 37822Manju Warriar Soubin Shahir

പ്രിയപ്പെട്ട മഞ്ജു വാര്യരും സൗബിൻ ഷാഹിറും അറിയാൻ ഒരു തുറന്ന കത്ത്. മഞ്ജു ചേച്ചി, സൗബിക്കാ -മനീഷ് കുറുപ്പ് എന്നാണ്…

Posted by Maneesh Kurup on Sunday, November 7, 2021


Like it? Share with your friends!

341
24 Web Desk

0 Comments

Your email address will not be published. Required fields are marked *