162

തലചായ്ക്കാനിടമില്ലാതെ കൊളവള്ളി അംബേദ്കർ കോളനിയിലെ ഏഴംഗ കുടുംബത്തിന്റെ വാസം പാമ്പിഴയുന്ന ചിതൽപ്പുറ്റിനു മേൽ. ചോർന്നൊലിക്കുന്ന രണ്ടു മുറി വീടിനുള്ളിൽ വളർന്നുയരുന്ന ചിതൽപ്പുറ്റിനരികെയാണ് രണ്ടു മാസം മുതൽ 65 വയസ്സ് വരെ പ്രായമുള്ള 7 മനുഷ്യരുടെ ജീവിതം.

കോളനിയിലെ ഗീതയും കുടുംബവുമാണ് ഭീതിയും അറപ്പുമുളവാക്കുന്ന വീട്ടിൽ കൂരിരുട്ടിൽ കഴിയുന്നത്.ഒരാൾ ഉയരമുള്ള ചിതൽപ്പുറ്റ് വീടിനുള്ളിൽ നിറഞ്ഞു. ഇതിന് ചുറ്റും മാളങ്ങൾ. അടുത്ത മുറിയിലെ അടുപ്പിനടുത്തുവരെ എലിയുണ്ടാക്കിയ മാളങ്ങൾ. പത്തു വർഷമായി ചിതൽപ്പുറ്റ് ഈ കുടുംബത്തിന്റെ ഉറക്കം കെടുത്തുന്നു.

പുറ്റ് വലുതാവും തോറും വീട്ടുകാർ അത് ഇടിച്ചിരുത്തുകയും മണ്ണ് നീക്കംചെയ്യാറുമുണ്ടായിരുന്നു.ഒരുമാളം അടയ്ക്കുമ്പോൾ അടുത്ത ദിവസം അതിലും വലുതുണ്ടാവുന്നു. കീടനാശിനി, ഉപ്പ്, മണ്ണെണ്ണ എന്നിവയെല്ലാം പലവട്ടം പരീക്ഷിച്ചു. വീടിന്റെ തറയിലുടനീളം പുറ്റിലേക്കു നീളുന്ന മാളങ്ങൾ. അമർത്തി ചവുട്ടിയാൽ കുഴിയാകും. പുറ്റിനുള്ളിലെ ചിതലിനെ ഭക്ഷിക്കാനെത്തുന്ന എലിയുടെയും പാമ്പിന്റെയും കാരുണ്യത്തിലാണ് ഇവരുടെ ജീവിതം. പലപ്പോഴും വീടിനുള്ളിൽ പാമ്പിനെ കാണാറുണ്ടെന്നു വീട്ടുകാർ.അപ്പോഴെല്ലാം പുറത്തേക്കോടി രക്ഷപെടും.

കരുണയില്ലാതെ വളരുന്ന പുറ്റിന് ചുറ്റും നനഞ്ഞ തറയിലാണിവർ രാത്രി ഇവർ ചുരുണ്ടുകൂടുന്നത്. വീട്ടിലെ വൈദ്യുതി കണക്‌ഷൻ 4 വർഷം മുൻപ് വിച്ഛേദിച്ചു. പുറത്തുള്ള ആരെങ്കിലും പകൽ ഈ വീട്ടിൽ കയറിയാൽ ഞെട്ടിവിറയ്ക്കും. അത്രയും ഭീകരമായ കാഴ്ച. ചിലദിവസങ്ങളിൽ ചിതൽപ്പുറ്റിൽ നിന്ന് ആയിരക്കണക്കിന് ഈയാംപാറ്റകൾ പറന്നുയർന്നു വീട് നിറയും. കൈക്കുഞ്ഞിന്റെ ചെവിയും മൂക്കിലും ഇവ കയറാതെ തുണിയിൽ പൊതിഞ്ഞിടും….

വളരെ പരിതാപകരമായ അവസ്ഥയിലാണ് ഈ കുടുംബത്തിന്റെ ജീവിതം. ഗീത, അമ്മ ചണ്ണ, ഭർത്താവ് ഗോപി, മക്കളായ ബിനു, നീതു, ബിനുവിന്റെ ഭാര്യ അമ്മു, അവരുടെ രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞ് എന്നിവരാണ് ഒന്നിച്ചുകഴിയുന്നത്.

കബനിപ്പുഴയോരത്തെ പുറമ്പോക്കിലായിരുന്നു ഇവരുടെ താമസം. മഴക്കാലത്ത് വെള്ളം കേറി വീട് തകർന്നതോടെ സഹോദരൻ കരിയൻ സഹോദരിക്കും കുടുംബത്തിനും തന്റെ വീട്ടിൽ അഭയം നൽകിയതാണ്. 2001ൽ കരിയനു നിർമിച്ച നൽകിയ വീട് തകർന്നു തരിപ്പണമായി. മഴയ്ക്ക് മുൻപ് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് ചോർച്ചയൊഴിവാക്കിയത്. ഗീതയ്ക്ക് സ്ഥലമോ, വീടോ ഇതുവരെ ലഭിച്ചില്ല.

പലവട്ടം അപേക്ഷകൾ നൽകി കാത്തിരിക്കുന്നു.ശുചിമുറിയില്ലാത്തതാണ് ഇവരെ അലട്ടുന്ന മുഖ്യപ്രശ്നം. രണ്ട് മാസം മുൻപ് പ്രസവത്തിന് ബിനുവിന്റെ ഭാര്യ അമ്മുവിന് ഓപ്പറേഷൻ നടത്തിയിരുന്നു  പ്രാഥമിക ആവശ്യങ്ങൾക്ക് അടുത്ത കോളനിയിലെ ബന്ധുവീട്ടിൽ പോകണമെന്നതു പ്രയാസകരം. കുടിവെള്ളത്തിനും റോഡിലെത്തണം.

വീട്ടുടമ കരിയന് അനുവദിച്ച വീടിന്റെ നിർമാണം ഭിത്തിയിലൊതുങ്ങി. അവിവാഹിതനായ കരിയൻ നാല് വർഷം മുൻപ് മരിച്ചു.കരിയന്റെ വീട് പണി പൂർത്തീകരിച്ചാൽ ഈ കുടുംബത്തിന് അതിൽ കഴിയാമായിരുന്നു. എന്നാൽ കരാറുകാർ കാശ് വാങ്ങി വീട് പണി അവതാളത്തിലാക്കിയെന്ന് കോളനിക്കാർപറയുന്നു. ഇവിടെ ഒട്ടേറെ വീടുകളുടെ പണി പൂർത്തീകരിക്കാനുണ്ട്.ബന്ധപ്പെട്ടവരാരും ഇക്കാര്യങ്ങൾ അന്വേഷിക്കുന്നുമില്ല.


Like it? Share with your friends!

162
meera krishna

0 Comments

Your email address will not be published. Required fields are marked *