അപ്പാനി ശരത്തിന്റെ രൂക്ഷ രാഷ്ട്രീയ വിമർശനം: “ജനങ്ങളാണ് അധികാരം, അവരാണ് ശക്തി”
പാറ്റകൾ ഞങ്ങളാണ് , ജനങ്ങളാണ്
അധികാരം.
അവരാണ് ശക്തി , രൂക്ഷമായ രാഷ്ട്രീയ വിമർശനവുമായ നടൻ അപ്പാനി ശരത് .
സാമൂഹ്യ രാഷ്ടീയ വിഷയങ്ങളിൽ സ്വന്തം നിലപാട് തുറന്നു പറയുന്ന നടനാണ് അപ്പാനി ശരത്. താരം തന്റെ ഫെയ്സ് ബുക്കിലെഴുതിയ കുറിപ്പ് ചർച്ചയാവുന്നു.
അപ്പാനി ശരത് എഴുതിയ രാഷ്ട്രീയ വിമർശനം വായിക്കാം ,
ഫാസിസം (Fascism) എന്നത് തീവ്രദേശീയത, കടുത്ത ഏകാധിപത്യം, വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കൽ, എതിർപ്പുകളെ അടിച്ചമർത്തൽ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്.”
പട്ടാള അട്ടിമറികളിലൂടെ അധികാരത്തിൽ ഏറിയതും ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയതുമായ ലോകത്തെ പല ഭരണകൂടങ്ങളും കാലം കടന്നുപോകുമ്പോൾ ഫാസിസ്റ്റുകളായി മാറിയതായാണ് ചരിത്രം. ആ ചരിത്രത്തിൽ തന്നെ അവരുടെ അതിദാരുണമായ വീഴ്ചയും ലോകം കണ്ടിട്ടുണ്ട്. സ്വന്തം ജനങ്ങളാൽ വെറുക്കപ്പെട്ട്, ആ നാട്ടിലെ യുവാക്കളുടെ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ അടിയറവ് പറഞ്ഞ ഏകാധിപതികൾ. അഹങ്കാരത്തിന്റെ കിരീടവും ചെങ്കോലും അധികാരസ്ഥാനങ്ങളും ഉപേക്ഷിച്ച്, ഉടുമുണ്ട് തലയിൽ കെട്ടി കണ്ടംവഴി ഓടേണ്ടിവന്ന ഭരണാധികാരികൾ.
ജനങ്ങളാണ് അധികാരം. അവരാണ് ശക്തി. നിങ്ങൾ അനുഭവിക്കുന്ന അധികാരത്തിന്റെ ലഹരിയും അതിൽ നിന്നുണ്ടാകുന്ന അഹങ്കാരവും എല്ലാം ജനങ്ങളുടെ ഔദാര്യമാണ്. അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉപയോഗപ്പെടേണ്ട ഒരു ടൂൾ മാത്രമാണ് നിങ്ങൾ. എന്നാൽ ആ ടൂൾ ഇപ്പോൾ എതിർസ്വരങ്ങളുടെ തലയടിച്ചു പൊട്ടിക്കാനുള്ള ഒരു അധികാരദണ്ഡായി മാറിയിരിക്കുന്നു.
ഞാൻ ഒരു അച്ഛനാണ്. എന്റെ കുട്ടികൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം കിട്ടണമെന്ന് ആഗ്രഹമുള്ള ഒരച്ഛൻ. അവർ ഏറ്റവും നല്ല വിദ്യാഭ്യാസ സൗകര്യങ്ങളിലൂടെ വളരണമെന്ന് ആഗ്രഹമുള്ള ഒരച്ഛൻ.
ഈ നാട്ടിൽ എന്നെപ്പോലെ ഒട്ടനവധി രക്ഷിതാക്കളുണ്ട്. എന്റെ കയ്യിലുള്ള സാമ്പത്തികത്തിന്റെ പത്തിലൊന്ന് പോലും ഇല്ലാത്തവർ. ലോണും കടവുമെടുത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവർ. ജീവൻ പിടിച്ചുനിർത്തുന്നവർ. അവരുടെ വിയർപ്പും കണ്ണീരും നനച്ചിട്ടാണ് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം അവർ തള്ളിനീക്കി മുന്നോട്ട് കൊണ്ടുപോകുന്നത്.
ഇതെല്ലാം കണ്മുന്നിൽ കണ്ട്, മനസ്സിലാക്കി പഠിച്ച് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന, എഴുതിയ കുട്ടികൾക്കും അതിന്റെ വിലയെന്തെന്ന് അറിയാം. ആരോടാണ്… “ഈ പരീക്ഷ ഒന്ന് കൂടി എഴുതൂ”, “മറ്റേത് ക്യാൻസൽ ആയി” എന്നൊക്കെ നിങ്ങൾ ഇത്ര ലാഘവത്തോടെ പറയുന്നത്? അതിനെതിരെ പ്രതികരിക്കുന്നവരുടെ തലയാണ് അടിച്ചുപൊട്ടിക്കുന്നത്.
സൂക്ഷിക്കുക. ഡൽഹിയിലെ തണുപ്പിൽ ചൂടുതരുന്ന സ്വെറ്ററും കമ്പിളിയും നിങ്ങൾ തല്ലിക്കൊല്ലാൻ ഒരുമ്പെടുന്ന ഈ പാറ്റകൾ കൊത്തിക്കീറും. അതിലൂടെ തണുപ്പ് അരിച്ചുകയറും. വിറയലോടെ നിങ്ങൾ ഓടും. അവസാനം തലകുനിക്കും…
കാരണം പാറ്റകൾ ഞങ്ങളാണ്. ജനങ്ങളാണ് അധികാരം. അവരാണ് ശക്തി.🔥🙏




