241

യുകെയിൽ നിന്നുള്ള പുതിയ മലയാള സിനിമ “മൂന്നാംഘട്ടം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

സ്വപ്നരാജ്യം, 8119 മൈൽസ് എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജി വിജയൻ നായകനായെത്തുന്ന മൂന്നാംഘട്ടം മൂവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. RS വിമൽ, അനുമോഹൻ, മാല പാർവതി, സുനിൽ സുഖദ, സുനിൽ സൂര്യ, ബിയോൺ, അനൂപ് കൃഷ്ണൻ, ലിന്റു റോണി, ഷെഫ് ജോമോൻ, ഫ്രാൻസിസ് ജോസഫ് ജീര, മാത്യു തോമസ്, ജോബി ജോർജ്, ബിനോ അഗസ്റ്റിൻ തുടങ്ങി ഒട്ടനവധി പ്രമുഖരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് പോസ്റ്റർ റിലീസ് ചെയ്തത്. സ്വപ്നരാജ്യത്തിനു ശേഷം രഞ്ജി വിജയൻ രചനയും സംവിധാനവും നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മൂന്നാംഘട്ടം. യവനിക ടാക്കീസിന്റെ ബാനറിൽ പൂർണ്ണമായും യുകെയിൽ ഷൂട്ട് ചെയ്തിട്ടുള്ള സിനിമയിൽ രഞ്ജി വിജയനെ കൂടാതെ പുതുമുഖ താരങ്ങളുൾപ്പെടെ ഒട്ടനവധി കലാകാരന്മാർ അണിനിരക്കുന്നുണ്ട്. സിനിമയുടെ ട്രെയ്‌ലർ റിലീസ് ഒക്ടോബർ 14 നു നടക്കും.

ഒരു വ്യക്തിയുടെ തിരോധാനവും അതിനെ തുടർന്ന് നായക കഥാപാത്രം അറിഞ്ഞും അറിയാതെയും കണ്ടെത്തുന്ന ജീവിത തലങ്ങളുമാണ് പ്രധാനമായും സിനിമയുടെ പ്രമേയം. പല സമയങ്ങളിൽ ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി കഥാപാത്രങ്ങൾക്ക് സംഭവിക്കുന്ന നാടകീയമായ അനുഭവങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നു എന്നതിനാൽ തികച്ചും വ്യത്യസ്തമായ അനുഭവമായിരിക്കും സിനിമ നൽകുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. രഞ്ജി വിജയനെ കൂടാതെ സിജോ മംഗലശ്ശേരിൽ, ജോയ് ഈശ്വർ, സിമി ജോസ്, കുര്യാക്കോസ് ഉണ്ണിട്ടൻ, ബിട്ടു തോമസ്, പാർവതി പിള്ള, ഹരിഗോവിന്ദ് താമരശ്ശേരി, സാമന്ത സിജോ തുടങ്ങിയവർ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. സഹസംവിധായകരായി എബിൻ സ്കറിയ, ഹരിഗോവിന്ദ് താമരശ്ശേരി എന്നിവരും, സംവിധാന സഹായികളായി രാഹുൽ കുറുപ്പ്, റോഷിനി ജോസഫ് മാത്യു എന്നിവരും, ഛായാഗ്രഹണം അലൻ കുര്യാക്കോസും, പശ്ചാത്തല സംഗീതം കെവിൻ ഫ്രാൻസിസും നിർവഹിച്ചിരിക്കുന്നു. രാജേഷ് റാമും രഞ്ജി വിജയനും ചേർന്ന് നിർമ്മിച്ചിരിക്കുന്ന സിനിമ യുകെ തീയറ്റർ പ്രീമിയറിനു ശേഷം ഉടൻ OTT platform വഴി പ്രേക്ഷകരിലേക്കെത്തും.


Like it? Share with your friends!

241
Editor

0 Comments

Your email address will not be published. Required fields are marked *