219
23.3k shares, 219 points

സുരഭി ലക്ഷ്മി! മലയാള സിനിമയുടെ അഭിമാനമായി കുറച്ചു വർഷങ്ങൾക്ക് മുൻപ് ദേശീയ അവാർഡ് വേളയിൽ മുഴങ്ങി കേട്ട പേര്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയപ്പോളും, എനിക്കിനിയും മികച്ച കഥാപാത്രങ്ങൾ ചെയ്യണമെന്ന് ഉള്ള് തുറന്ന്, നിറഞ്ഞ ചിരിയോടെ പറഞ്ഞ നടി. എന്നാൽ മലയാള സിനിമയിലെ മുൻനിര ചിത്രങ്ങളുടെ ഭാഗമാകാൻ പിന്നെയും കാത്തിരിക്കേണ്ടി വന്നു സുരഭി ലക്ഷ്മിക്ക്. എന്നാൽ സിനിമയോടും അഭിനയത്തോടുമുള്ള അടങ്ങാത്ത അഭിനിവേശം സുരഭി ലക്ഷ്മിയെ മറ്റൊരു അവാർഡിന് തിരഞ്ഞെടുത്തിരിക്കുന്നു. 2020 ലെ കേരള ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചപ്പോൾ ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരഭി ലക്ഷ്മിയെ മികച്ച നടിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

എറണാകുളം തൃക്കാക്കരയിലെ ശ്മശാനത്തിലെ ശവശരീരങ്ങൾ ദഹിപ്പിക്കുന്ന ജോലിക്കാരിയായുള്ള സലീന എന്ന സ്ത്രീയുടെ കഥാപാത്രത്തെയാണ് സുരഭി ലക്ഷ്മി സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. സലീന എന്ന കഥാപാത്രത്തെയും കഥാപരിസരങ്ങളും മാത്രം എടുത്തിട്ട് സിനിമക്ക്യാവിശ്യമായ മാറ്റങ്ങൾ വരുത്തിയാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്ത്രീകൾ ജോലി ചെയ്യുമ്പോൾ തന്നെ നെറ്റി ചുളിക്കുന്ന അല്ലേൽ തുറിച്ചു നോക്കുന്ന ഒരു വിഭാഗം ഇപ്പോളും നമുക്കിടയിൽ ഉണ്ട്. കൂടാതെ മൃതദേഹം ദഹിപ്പിക്കുന്ന, പുരുഷന്മാർ വരെ ചെയ്യാൻ മടിക്കുന്ന ഒരു ജോലി, സ്ത്രീ ചെയ്യുന്നത് തന്നെ വലിയ കയ്യടി അർഹിക്കുന്നതാണ്. അവർ നേരിടുന്ന പ്രതിസന്ധികളും പ്രാരാബ്ധങ്ങളുമാണ് ചിത്രം പറയുന്നത്. അത്തരമൊരു കഥാപരിസരം തന്നെയാണ് സുരഭിയെ ഈ കഥാപാത്രത്തിലേക്ക് ആകർഷിച്ചത്.

ചിത്രത്തിൽ എയ്ഞ്ചൽ എന്നാണ് സുരഭിയുടെ കഥാപാത്രത്തിൻ്റെ പേര്. ഒപ്പം രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് എയ്ഞ്ചൽ. തികച്ചും അപരിചിതമായ കഥാപാത്രമായതുകൊണ്ട് തന്നെ കഥാപാത്രത്തിന് വേണ്ടി ഒരുപാട് തയാറെടുപ്പുകളും അന്വേഷണങ്ങളും നടത്തേണ്ടി വന്നു. അതിനു വേണ്ടി സുരഭി ആഴ്‌ചകളോളം സലീന ചേച്ചിയോടൊപ്പം താമസിക്കുകയും ഒപ്പം മൃതദേഹം ദഹിപ്പിക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങളും ഒക്കെ കണ്ടുപഠിച്ചിരുന്നു. സെലീന ചേച്ചിയുടെ സംസാരരീതിയും നടത്തവും ഉപയോഗിച്ചുകൊണ്ടിരുന്ന ചെരുപ്പും വരെ കഥാപാത്രത്തെ തിരശീലയിലെത്തിക്കാൻ ഉപയോഗിച്ചിട്ടുമുണ്ട്. താൻ തളർന്നു പോകുമ്പോളോക്കെ സെലീന ചേച്ചിയെ ഓർക്കാറുണ്ടെന്നും ചേച്ചിയുടെ ജീവിതം ഇപ്പോളും പ്രചോദനം ആണെന്നും കൂട്ടിച്ചേർത്തു സുരഭി ലക്ഷ്മി.

തൊടുപുഴയിലെ ഒരു കുന്നിൻ്റെ മുകളിലായിരുന്നു ചിത്രത്തിൻ്റെ ഭൂരിഭാഗം ഷൂട്ടിങ്ങും. മരങ്ങൾ വളരെ കുറവുള്ള തികച്ചും റിമോട്ട് ആയ ഒരു പ്രദേശം. കനത്ത വെയിലിനോടൊപ്പം, ദഹിപ്പിക്കുന്ന സീനുകളും കൂടിയായതു കൊണ്ട് തന്നെ തീയിൽ നിന്നുള്ള അസഹനീയമായ ചൂടും കൂടിയായപ്പോൾ പലപ്പോഴും രോമങ്ങൾ കരിയുകയും ചെറിയ ചെറിയ പൊള്ളലുകൾ എൽക്കുകയും ചെയ്തിരുന്നു. ഈ കഷ്ടപ്പാടുകൾക്ക് ഒക്കെയുള്ള പ്രതിഫലമെന്നോണം ഈ കഥാപാത്രത്തിന് തന്നെ അവാർഡ് തേടിയെത്തിയത് ദൈവനിയോഗമെന്ന് കരുതാനാണ് സുരഭിക്കിഷ്ടം.

മലയാളത്തിലെ പ്രമുഖരായ പല മുൻനിര താരങ്ങളെയും സിനിമയിലെ കഥാപാത്രമാകാൻ സമീപിച്ചിരുന്നു. എന്നാൽ ചിത്രത്തിൻ്റെ കൺട്രോളർ ആയിരുന്ന ഷാജി പട്ടിക്കരയാണ് സുരഭി ലക്ഷ്മിയെ ചിത്രത്തിലേക്ക് ക്ഷണിച്ചത്. ഇതുപോലൊരു സ്വപ്നതുല്യമായ കഥാപാത്രം തന്നിലേക്ക് എത്തിച്ചതിന് ഷാജിയേട്ടനോടുള്ള നന്ദിയും കടപ്പാടും മറച്ചുവെച്ചില്ല സുരഭി ലക്ഷ്മി.

ജ്വാലാമുഖി ഒരു ടീം വർക്കാണെന്ന് പറയാനാണ് സുരഭിക്കിഷ്ട്ടം. ഹരികുമാർ, ക്യാമറമാൻ നൗഷാദ് ഷെരീഫ്, മേക്കപ്പ് മാൻ സജി കൊരട്ടി ഒപ്പം കൂടെ അഭിനയിച്ച കുട്ടികൾ, കെ പി എ സി ലളിത, ജനാർദ്ദനൻ, ഇന്ദ്രൻസ് എന്നിവരുടെയും കൂടി വിജയമാണിത്. ദേശീയ അവാർഡ് ലഭിച്ചതിനു ശേഷം പെർഫോമൻസിൽ സംതൃപ്തി ലഭിച്ച കഥാപാത്രമാണ് എയ്ഞ്ചൽ. കഥാപാത്രത്തിന് വേണ്ടിയുള്ള പഠനവും തയാറെടുപ്പുകളും ഒക്കെയായി വളരേനാളുകൾ കൂടെ ഉണ്ടായിരുന്ന കഥാപാത്രമായതിനാൽ, ഒരു ലൈഫിൽ കൂടി കടന്നുവന്ന അനുഭവം ലഭിച്ചിരുന്നു എന്നും സുരഭി വെളിപ്പെടുത്തി.

ഒരിടവേളയ്ക്ക് ശേഷം അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പദ്മ ആണ് നടി സുരഭി ലക്ഷ്മിയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം. സൗബിൻ, ദിലീഷ് പോത്തൻ എന്നിവരോടൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്ന കള്ളൻ ഡിസൂസ, ദുൽഖർ ചിത്രം കുറുപ്പ്, അനുരാധ, തല, പൊരിവെയിൽ എന്നീ ചിത്രങ്ങളും ഷൂട്ടിംഗ് പൂർത്തിയായി ഉടൻ റിലീസിനെത്തുന്ന ചിത്രങ്ങൾ ആണ്.
പി.ശിവപ്രസാദ്


Like it? Share with your friends!

219
23.3k shares, 219 points
24 Web Desk

0 Comments

Your email address will not be published. Required fields are marked *