242

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഹോളണ്ട് സന്ദർശനത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്ത കമ്പനിക്ക് കോടികളുടെ കൺസൽട്ടൻസി നൽകാൻ വഴിവിട്ട ശ്രമം നടന്നുവെന്ന ആരോപണമാണ് ഉയരുന്നത്. യോഗ്യത ഇല്ലാത്തതിനാൽ ഒഴിവാക്കപ്പെട്ട കമ്പനികളെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയായ വിശ്വാസ് മേത്ത ഇടപെട്ടാണ് തിരികി കയറ്റിയതെന്നും മുഖ്യമന്ത്രി ഇത് അംഗീകരിക്കുകയായിരുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് പുറത്തുവിട്ടത്. സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് വിടി ബൽറാം എംഎൽഎ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഏതാണ്ട് 40 കോടിയുടെ കരാർ മുഖ്യമന്ത്രി പിണറായി വിജയൻ്റെ കുടുംബസമേതമുള്ള നെതർലൻഡ്സ് യാത്രയിൽ സഹായങ്ങൾ ചെയ്തു കൊടുത്തു എന്നതിൻ്റെ പേരിൽ മാനദണ്ഡങ്ങൾ ലംഘിച്ച് യോഗ്യതയില്ലാത്ത രണ്ട് വിദേശ കമ്പനികൾക്ക് റീബിൽഡ് കേരളയുടെ കൺസൾട്ടൻസി കരാർ നൽകാൻ നീക്കം നടക്കുന്നു എന്നാണ് ഒടുവിലത്തെ വാർത്ത. ഏതാണ്ട് 40 കോടിയുടേതാണ് ഈ കരാർ. ജലവിഭവ വകുപ്പ് ശക്തമായി എതിർത്തിട്ടും ഇപ്പോഴത്തെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് ഫയലിൽ രണ്ട് കമ്പനികളുടെ വക്കാലത്ത് പരസ്യമായി ഏറ്റെടുത്തിരിക്കുന്നത്. ഇത് പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിക്കുകയും ചെയ്തു. ഈ കമ്പനികളെ ഒഴിവാക്കിയാൽ അത് ആ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന് വരെ ഫയലിൽ എഴുതിപ്പിടിപ്പിച്ചിട്ടുണ്ടത്രേ! നെതർലൻഡ്സ് യാത്രയിൽ അന്ന് അഡീ.ചീഫ് സെക്രട്ടറിയായിരുന്ന വിശ്വാസ് മേത്തയും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

സമ്പൂർണ്ണ പരാജയം സർക്കാരിന് യാതൊരു പരിചയവുമില്ലാത്ത തീർത്തും പുതിയ ഒരു മേഖലയിലെ പ്രവർത്തനത്തിന് വേണ്ടിയാണെങ്കിൽ ഒരു നിശ്ചിത കാലത്തേക്ക് പുറത്തു നിന്ന് വിദഗ്ദ്ധ കൺസൾട്ടൻസികളെ ഏർപ്പാട് ചെയ്യുന്നതിൻ്റെ ആവശ്യകത മനസ്സിലാക്കാം. എന്നാൽ, സർക്കാരിൽ എന്ത് പുതിയ കാര്യം ചെയ്യണമെങ്കിലും അതിന് പുറത്തു നിന്നുള്ള കൺസൾട്ടൻസികൾ വേണം, അത് ബഹുരാഷ്ട്ര ഭീമന്മാർ തന്നെയാവണം എന്ന അവസ്ഥ യഥാർത്ഥത്തിൽ നമ്മുടെ ഭരണ പരിഷ്ക്കാര കമ്മീഷൻ്റെ സമ്പൂർണ്ണ പരാജയത്തെയാണ് സൂചിപ്പിക്കുന്നത്. ഭരണ രംഗത്തെ ആധുനീകരിക്കാനും അതിൻ്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ലക്ഷ്യം വച്ച് നിയമിക്കപ്പെട്ട ഈ കമ്മീഷൻ എണ്ണ, കുഴമ്പ്, തേച്ചുകുളി, കാറ്, ബംഗ്ലാവ്, കാബിനറ്റ് റാങ്ക് മോഡിലാണ് അതിൻ്റെ തുടക്കം മുതൽ ഇന്നേവരെയുള്ള പ്രവർത്തനം. തട്ടിക്കൂട്ടി സമർപ്പിച്ച മൂന്ന് ഇടക്കാല റിപ്പോർട്ടുകളാവട്ടെ സർക്കാർ നേരിട്ട് ചവറ്റുകുട്ടയിലേക്കെറിയുകയും ചെയ്തു.

“ബാക്ക് ഡോർ ഓഫീസ്” കൺസൾട്ടൻസികൾ ആറ് മാസത്തേക്കോ മറ്റോ നിയമിക്കപ്പെട്ട്, പിന്നീട് നിരവധി തവണ കാലാവധി നീട്ടിക്കൊടുത്ത്, കോടിക്കണക്കിന് രൂപ കൺസൾട്ടൻസി ഫീസും അടിച്ചുമാറ്റി, അതിൽ നിന്ന് കൊടുക്കേണ്ടവർക്കൊക്കെ വിഹിതം കൊടുത്ത്, അവസാനം എന്തെങ്കിലുമൊക്കെ റിപ്പോർട്ടും പടച്ചുണ്ടാക്കി സമർപ്പിച്ച് പൊടിയും തട്ടിപ്പോകുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്. അവരുടെ പ്രവർത്തനത്തിനു വേണ്ട മഹാഭൂരിപക്ഷം ജോലിക്കാരെയും പിൻവാതിലിലൂടെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിലൂടെ, നമ്മുടെ ഇൻഹൗസ് കപ്പാസിറ്റിയായ സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത ഉയർത്തുന്ന കാര്യത്തിലും കാര്യമായ സംഭാവനയൊന്നും ഈ കൺസൾട്ടൻസികൾക്ക് നൽകാൻ കഴിയുന്നില്ല. പിഡബ്ല്യുസിക്ക് സെക്രട്ടേറിയറ്റിൽ “ബാക്ക് ഡോർ ഓഫീസ്” തുറക്കാൻ ശുപാർശ ചെയ്തുള്ള ഗതാഗത സെക്രട്ടറിയുടെ ഫയൽക്കുറിപ്പ് സൂചിപ്പിക്കുന്നതും ഇത് തന്നെയാണ്.

ഗുണപരമായ മാറ്റങ്ങൾ ഏതെങ്കിലുമൊരാവശ്യത്തിന് കൺസൾട്ടൻസികൾ നിയമിക്കപ്പെടുകയാണെങ്കിൽത്തന്നെ, പ്രസ്തുത പ്രോജക്റ്റിൻ്റെ കാര്യത്തിൽ മാത്രമല്ല, നമ്മുടെ ഭരണ സംവിധാനത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ അവക്ക് കൊണ്ടുവരാൻ കഴിയുന്ന ഗുണപരമായ മാറ്റങ്ങളേക്കുറിച്ചും അവരെ നിയമിക്കുന്ന ഭരണാധികാരികൾക്ക് മുൻകൂട്ടിത്തന്നെ ഒരു ധാരണയുണ്ടാവണം. അത് നടപ്പിലാവുന്നുണ്ടോ എന്നുറപ്പ് വരുത്താനുള്ള തുടർ സംവിധാനങ്ങളുമുണ്ടാവണം.

അവിഹിത സ്വാധീനം എന്നാൽ അതിന് തീർത്തും വിപരീതമായി ഭരണക്കാർക്കിടയിൽ അവിഹിതമായ സ്വാധീനമുണ്ടാക്കാനും അതുവഴി ഭാവിയിലെ മറ്റ് കരാറുകൾ അടിച്ചുമാറ്റാനും ഉള്ള കുറുക്കുവഴികളാണ് പല കൺസൾട്ടൻസികളും തേടുന്നത്. നേരിട്ടുള്ള പണമിടപാട് മാത്രമല്ല ഉപഹാരങ്ങളും വിദേശയാത്രകളും മക്കളുടെ വിദേശ പഠനത്തിനുള്ള സ്പോൺസർഷിപ്പുമൊക്കെ വഴിയാണ് ഈ സ്വാധീനം ഉറപ്പിച്ചെടുക്കുന്നത്. ഇപ്പോൾ ഡച്ച് കമ്പനികൾക്കെതിരെ ഉയർന്നു വന്നിരിക്കുന്നതും ഈ നിലയിലുള്ള ആരോപണമാണ്.

സ്വയം സെലക്റ്റ് ചെയ്യപ്പെടുന്നു പ്രളയത്തിന് ശേഷം സൗജന്യ കൺസൾട്ടൻസി സേവന വാഗ്ദാനവുമായി ആദ്യം രംഗത്തുവന്ന കെപിഎംജി പിന്നീട് 6.82 കോടിയുടെ കരാറാണ് കരസ്ഥമാക്കിയത്. സൗജന്യത്തേക്കുറിച്ച് തുടക്കത്തിൽ വലിയ വായിൽ കൊട്ടിഘോഷിച്ച സർക്കാർ പിന്നീട് പണം കൊടുക്കുന്ന കാര്യം ഇരുചെവിയറിയാതെ മറച്ചു പിടിക്കാനാണ് ശ്രമിച്ചത്. കമ്പനികളെ സെലക്റ്റ് ചെയ്യാനുള്ള മാനദണ്ഡങ്ങളുണ്ടാക്കാൻ ആദ്യം സൗജന്യ സേവനം നൽകുന്നു, പിന്നീട് തങ്ങൾക്കനുകൂലമായി തങ്ങൾ തന്നെയുണ്ടാക്കിയ അതേ മാനദണ്ഡങ്ങളുടെ പേരിൽ സ്വയം സെലക്റ്റ് ചെയ്യപ്പെടുന്നു എന്നുറപ്പ് വരുത്തുന്നു.

സ്പ്രിങ്ക്ലർ കടന്ന് വന്നതും ഇതാണ് സൗജന്യ സേവനക്കാരുടെ പതിവ് പ്രവർത്തന രീതി. ഡാറ്റാ വിശകലത്തിനുള്ള സൗജന്യ സേവന വാഗ്ദാനവുമായി സ്പ്രിങ്ക്ലർ കടന്നു വന്നതും ഇങ്ങനെയാണ്. ഇ-മൊബിലിറ്റിയിൽ പിഡബ്ല്യുസിയും ഹെസ്സും നടത്തിക്കൊണ്ടിരിക്കുന്നതും ഇതേ തട്ടിപ്പാണ്. മുൻപ് എൻഎൻസി ലാവലിൻ കടന്നുവന്നതും ഇങ്ങനെ കൺസൾട്ടൻ്റുമാരായാണ് എന്നും സാന്ദർഭികമായി ഓർക്കാവുന്നതാണ്.കൺസൾട്ടൻസികളെ മുന്നിൽ നിർത്തിക്കൊണ്ടുള്ള പിണറായി വിജയൻ്റേയും കൂട്ടരുടേയും ഈ കടുംവെട്ടുകളേക്കുറിച്ച് സമഗ്രമായ ഒരു സിബിഐ അന്വേഷണം അനിവാര്യമാണ്.


Like it? Share with your friends!

242
meera krishna

0 Comments

Your email address will not be published. Required fields are marked *